ambala

അമ്പലപ്പുഴ : സഹപാഠികൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ കാണാതായ പ്ലസ് ടു വിദ്യാർത്ഥിയുടെ മൃതദേഹം കരക്കടിഞ്ഞു. അറവുകാട് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥി പുന്നപ്ര നന്ദികാട്ടുവെളി പരേതനായ കബീർ - ഷെജിന ദമ്പതികളുടെ മകൻ മുഹമ്മദ് ഹുസൈന്റെ (17) മൃതദേഹമാണ് പുന്നപ്ര നർബോണ തീരത്തടിഞ്ഞത്.

വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പുന്നപ്ര വിയാനി തീരത്ത് കൂട്ടുകാരായ നാലുപേർ കുളിക്കാനിറങ്ങിയത്. തിരയിലകപ്പെട്ട സംഘത്തിലെ മൂന്നുപേരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. പുന്നപ്ര പൊലീസും, തോട്ടപ്പള്ളി തീരദേശപൊലീസും മത്സ്യതൊഴിലാളികളും ചേർന്ന് രാത്രി ഏറെ വൈകിയും തിരച്ചിൽ നടത്തിയെങ്കിലും ഹുസൈനെ കണ്ടെത്താനായിരുന്നില്ല. ഇന്നലെ പുലർച്ചെ മൃതദേഹം നർബോണ തീരത്തടിയുകയായിരുന്നു. പിതാവിന്റെ മരണശേഷം മാതാവിന്റെ കുടുംബവീട്ടിലാണ് ഹുസൈൻ താമസിക്കുന്നത്.