വൈക്കം : വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിദർശനവും , അഷ്ടമിവിളക്കും ഇന്ന് നടക്കും.
ശ്രീപരമേശ്വരൻ പാർവതീസമേതനായി തന്റെ ഉപാസകനായ വ്യാഘ്രപാദമഹർഷിക്ക് ദർശനം നൽകിയ മുഹൂർത്തമാണ് വൈക്കം ക്ഷേത്രത്തിലെ അഷ്ടമി. ത്രേതായുഗത്തിൽ ഒരു കാർത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി നാളിലാണ് മഹാദേവൻ വ്യാഘ്രപാദർക്ക് ദർശനം നൽകിയതെന്നാണ് ഐതീഹ്യം. രാവിലെ 3.30 ന് നട തുറന്ന് ഉഷ:പൂജക്കും എതൃത്തപൂജയ്ക്കും ശേഷം 4.30 നാണ് അഷ്ടമി ദർശനം. 11 ഓടെ അഷ്ടമി പ്രാതൽ ആരംഭിക്കും. 121 പറ അരിയുടെ വിഭവസമൃദ്ധമായ സദ്യയാണ് ഭക്തജനങ്ങൾക്ക് നൽകുക. രാത്രി 11 ന് ഉദയനാപുരത്തപ്പന്റെ വരവോടെ അഷ്ടമി വിളക്കിന്റെ ചടങ്ങുകൾക്ക് തുടക്കമാകും.