ചേർത്തല: അരൂരിൽ ആളില്ലാ ലെവൽ ക്രോസിൽ കാറിൽ ട്രെയിനിടിച്ച് അഞ്ചുപേർ മരിച്ച സംഭവത്തിൽ നഷ്ടപരിഹാരക്കേസ് കോടതി തള്ളി . 2012 സെപ്റ്റംബർ 23ന് ഹാപ്പ തിരുനെൽവേലി എക്സ്പ്രസ് കാറിൽ ഇടിച്ച് കുട്ടിയുൾപ്പെടെ 5പേർ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ അരൂർ പടിഞ്ഞാറെ കളത്തിൽ സുമേഷിന്റെ മാതാവ് വിജയാനി 2014 ൽ ഫയൽ ചെയ്ത നഷ്ടപരിഹാര കേസാണ് ചേർത്തല സബ് ജഡ്ജി എസ്.ലക്ഷ്മി തള്ളിയത്. 25 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡൽഹി റെയിൽവേ മന്ത്രാലയത്തിനെയും ദക്ഷിണ റെയിൽവേ ജനറൽ മാനേജരെയും എതിർകക്ഷികളാക്കിയായിരുന്നു കേസ്.
റെയിൽവേ നിയമമനുസരിച്ചും റെയിൽവേ ക്ലെയിംസ് ട്രിബ്യൂണൽ ആക്ട് അനുസരിച്ചും സിവിൽ കോടതികൾക്ക് ഇത്തരം നഷ്ടപരിഹാര കേസ് പരിഗണിക്കാൻ സാധിക്കില്ലെന്ന വാദം ശരിവച്ചാണ് കോടതി കേസ് തള്ളിയത്. കാവൽക്കാരനില്ലാത്ത ലെവൽ ക്രോസിൽ പാലിക്കേണ്ട മുൻകരുതലുകൾ എടുക്കാതിരുന്ന സാഹചര്യത്തിലാണ് അപകടം ഉണ്ടായതെന്ന റെയിൽവേയുടെ വാദവും കോടതി പരിഗണിച്ചു. അപകടത്തിൽ മരണമടഞ്ഞവർക്ക് 2 ലക്ഷം രൂപ വീതം അടിയന്തര സഹായമായി അന്ന് റെയിൽവേ നൽകിയിരുന്നു. തീരദേശ പാതയിലെ എല്ലാ ലെവൽ ക്രോസുകളിലും കാവൽക്കാരെ നിയമിക്കാനും ഈ അപകടം കാരണമായി. സുമേഷിന്റെ ബന്ധുക്കളായ നാരായണൻ, കാർത്തികേയൻ ,ചെല്ലപ്പൻ എന്നിവരും അയൽവാസി വിൻസന്റിന്റെ രണ്ടര വയസ്സുള്ള നെൽഫിൻ എന്ന കുട്ടിയുമാണ് അപകടത്തിൽ മരണമടഞ്ഞത്. റെയിൽവേയ്ക്ക് വേണ്ടി അഭിഭാഷകനായ അനിൽ വിളയിൽ ഹാജരായി.