അമ്പലപ്പുഴ : ദേശീയ ക്ഷീര ദിനാഘോഷങ്ങളുടെ ഭാഗമായി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മിൽമ പുന്നപ്ര ഡയറി സന്ദർശിക്കാൻ അവസരം നൽകും. പൊതു ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് മാർക്കറ്റിംഗ് സെൽ യൂണിറ്റ് മേധാവി ടി.എ. അനുഷ, സെൻട്രൽ പ്രോഡക്ട്സ് ഡയറി യൂണിറ്റ് മേധാവി ശ്യാമാ കൃഷ്ണൻ, മാർക്കറ്റിംഗ് സെൽ അസി. മാർക്കറ്റിംഗ് ഓഫീസർമാരായ അഖിൽ എസ്.കുമാർ, കൃഷ്ണപ്രിയ.കെ, സജിന ടി.കെ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ പത്ത് മുതൽ വൈകിട്ട് നാല് വരെയാണ് സന്ദർശനസമയം. ക്ഷീര മേഖലയുമായി ബന്ധപ്പെട്ട ക്ലാസുകൾ, പ്രദർശന സ്റ്റാളുകൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
മിൽമയുടെ പുതിയ ഉത്പന്നങ്ങളായ ടെൻഡർ കോക്കനട്ട് വാട്ടർ, കാഷ്യൂ വിറ്റ, റെഡി റ്റൂ ഡ്രിങ്ക് പാലട പായസം, മറ്റ് ഉത്പന്നങ്ങളായ നെയ്യ്, തൈര്, ഐസ്ക്രീം, പേഡ, പനീർ, ബട്ടർ, ഗുലാബ്ജാമുൻ, ചോക്കലേറ്റുകൾ, സിപ് അപ്പ്, മാംഗോ ജ്യൂസ്, ഫ്ലേവേർഡ് മിൽക്ക്,കേക്കുകൾ തുടങ്ങിയവ കുറഞ്ഞ വിലയിൽ ഡയറിയിൽ നിന്നും വാങ്ങാം. ക്ഷീരദിനാഘോഷത്തോടനുബന്ധിച്ച് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ മിൽക്ക് ക്വിസിൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പറവൂരിലെ നവതേജ് കെ, അക്ഷിത് ദീപു എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി . ചിത്രരചന മത്സരത്തിൽ ആലപ്പുഴ ലൂഥറൻ എച്ച്.എസ്.എസിലെ ഗൗരി പാർവതിയ്ക്കാണ് ഒന്നാം സ്ഥാനം.