
ആലപ്പുഴ : വൃശ്ചിക വേലിയേറ്റത്തെത്തുടർന്നുള്ള മടവീഴ്ച പുഞ്ചകൃഷിയുടെ വിത പ്രതിസന്ധിയിലാക്കുന്നു. വെളിയനാട് കൃഷി ഭവൻ പരിധിയിലെ കരിമീൻതടം, രാമങ്കരി കൃഷി ഭവനിലെ പറക്കുടി, പുളിങ്കുന്ന് കൃഷി ഭവനിലെ എൺപതും പാടം എന്നിവിടങ്ങളിലാണ് ശക്തമായ വൃശ്ചിക വേലിയേറ്റത്തിൽ മടവീഴ്ചയുണ്ടായത്.
പതിനേഴര ഏക്കർ വിസ്തൃതിയുള്ള കരിമീൻ തടം പാടത്തിലെ വിതയെ മടവീഴ്ച കാര്യമായി ബാധിച്ചിട്ടുണ്ട്. പത്ത് ദിവസം മുമ്പായിരുന്നു 22 ഏക്കർ വിസ്തൃതിയുള്ള പറക്കുടി പാടത്തെ വിത. നെല്ല് കിളിർത്ത് വേരുറച്ച് തുടങ്ങുംമുമ്പുള്ള വെള്ളപ്പാച്ചിലിൽ ഏക്കറുകണക്കിന് സ്ഥലത്തെ കൃഷി നശിച്ചു. 66 ഏക്കർ വിസ്തൃതിയുള്ള പുളിങ്കുന്ന് എൺപതും പാടത്തിൽ 50 ഏക്കറോളം സ്ഥലത്തെ വിത പൂർത്തിയാക്കിയതിന് പിന്നാലെയാണ് ബണ്ട് പൊട്ടി വെള്ളം കയറിയത്.
വൃശ്ചികം ആരംഭിച്ചതിന് പിന്നാലെയുണ്ടായ ശക്തമായ വേലിയേറ്റത്തെ തുടർന്നുള്ള കവിഞ്ഞുകയറ്റത്തിൽ പുളിങ്കുന്ന് കൃഷി ഭവൻ പരിധിയിലെ മേച്ചേരി വാക്ക, തെക്കേ മേച്ചേരിവാക്ക പാടങ്ങളിൽ വിത നടത്താൻ കഴിയാത്ത സ്ഥിതിയാണ്. ഇവിടങ്ങളിൽ വിതയ്ക്കായി വിത്ത് കുതിർത്ത് കെട്ടിയ കർഷകർ പാടം വെള്ളം കയറിയതോടെ വിത്ത് വീണ്ടും ഉണക്കേണ്ടിവരും. പകരം വിത്ത് കിട്ടാത്ത സാഹചര്യത്തിൽ കുതിർത്ത നെല്ല് ഉണക്കി വീണ്ടും ഉപയോഗിക്കാനാണ് കർഷകരുടെ ശ്രമം. കുട്ടനാടൻ പാടങ്ങളിലെ വിത അവസാന ഘട്ടത്തിലെത്തി നിൽക്കെ പുതുതായി വിത്ത് കിട്ടാനില്ലാത്തതും കർഷകരെ ദുരിതത്തിലാക്കി.
പതിനാലര കിലോമീറ്റർ വിസ്തൃതിയുള്ള മേച്ചേരിവാക്ക, തെക്കേ മേച്ചേരിവാക്ക പാടശേഖരങ്ങളുടെ പുറം ബണ്ട് ബലപ്പെടുത്താൻ ലക്ഷക്കണക്കിന് രൂപ ചെലവഴിക്കേണ്ടി വരും. ഇതിനുള്ള പണം പാടശേഖര സമിതികളുടെയോ കർഷകരുടെയോ പക്കലില്ല.
ബണ്ടിലെ താമസക്കാരും ദുരിതത്തിൽ
വൃശ്ചിക വേലിയേറ്റത്തിൽ ബണ്ടിൽ താമസക്കാരായ കർഷക കുടുംബങ്ങളും ദുരിതത്തിലാണ്
പാടങ്ങളിലെ കൃഷിയും പമ്പിംഗും മുടങ്ങിയാൽഇവരുടെ വീടുകളും പറമ്പും റോഡുമെല്ലാം വെള്ളത്തിലാകും
ഇതിനോടകം തന്നെ പല വീടുകളിലും വെളളം കയറിയ നിലയിലാണ്
പുറംബണ്ട് ബലപ്പെടുത്തലും തണ്ണീർമുക്കത്തെ ഷട്ടറുകൾ ക്രമീകരിക്കുകയുമാണ് പരിഹാരം.
വൃശ്ചിക വേലിയേറ്റം കുട്ടനാട്ടിലെ കൊയ്ത്തിനെയും വിതയെയും പ്രതിസന്ധിയിലാക്കിയിട്ടും സർക്കാരും കൃഷി, ഇറിഗേഷൻ വകുപ്പുകളും തുടരുന്ന അനങ്ങാപ്പാറ നയത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കാനുള്ള ശ്രമത്തിലാണ് കുട്ടനാട്ടിലെ കർഷകർ. തണ്ണീർ മുക്കത്തെ ഷട്ടറുകൾ അടയ്ക്കണമെന്നാവശ്യപ്പെട്ട് കളക്ട്രേറ്റിന് മുന്നിൽ സമരം നടത്തും
- നെൽകർഷക സംരക്ഷണ സമിതി