ആലപ്പുഴ: പരമ്പരാഗത വ്യവസായമായ കയർ പിരി മേഖലയിൽ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് തിരിച്ചടിയാകുന്നു.
മതിയായ വേതനമില്ലാത്തതിനാലാണ് തൊഴിലാളികൾ കൂട്ടത്തോടെ കളം വിടുന്നത്. എന്നിട്ടും, പരമ്പരാഗത വ്യവസായമെന്ന നിലയിൽ കയർ മേഖലയെ സംരക്ഷിക്കാനോ, വേതനം പുതുക്കി നിശ്ചയിക്കാനോ നടപടികളുണ്ടാകുന്നില്ല.
27.5 മുടികയർ (330 മീറ്റർ) പിരിക്കുന്ന തൊഴിലാളിക്ക് ഒരു ദിവസത്തെ നിലവിലെ വേതനം 350രൂപയാണ്. ഇതിൽ 240രൂപ സഹകരണ സംഘവും 110 സർക്കാർ ഇൻകം സപ്പോർട്ട് സ്‌കീം പ്രകാരവുമാണ് നൽകുന്നത്.
പ്രതിദിന വേതനം 300 രൂപയിൽ നിന്ന് ഏഴ് വർഷം മുമ്പാണ് 350 ആയത്.
ഡോ.തോമസ് ഐസക്ക് മന്ത്രിയായിരുന്നപ്പോഴായിരുന്നു അത്.
ജി.സുധാകരൻ മന്ത്രിയായപ്പോൾ വരുമാനം ഉറപ്പാക്കൽ പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തു.
ഉത്പാദനം കുറഞ്ഞു
1. 1987ൽ കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരിക്കുമ്പോൾ 8 ലക്ഷത്തിലധികം തൊഴിലാളികളാണ് ഉണ്ടായിരുന്നത്. എന്നാൽ,
അതിൽ നിന്ന് 7.5ലക്ഷത്തോളം തൊഴിലാളികൾ ഇതിനകം കൊഴിഞ്ഞുപോയിട്ടുണ്ട്
2. കഴിഞ്ഞ വർഷം വരെ ശരാശരി പ്രതിമാസം 200 ക്വിന്റൽ കയർ ഉത്പാദിപ്പിച്ച സംഘങ്ങളിൽ തൊഴിലാളികൾ കൊഴിഞ്ഞുപോയതോടെ ഉത്പാദനം 125 ക്വിന്റലിൽ ഒതുങ്ങി
3. മറ്റെല്ലാ വിഭാഗങ്ങൾക്കും ഒന്നിലധികം തവണ കൂലിവർദ്ധന ഉണ്ടായിട്ടും കയർ പിരിമേഖലയെ അവഗണിച്ചു. തൊഴിലുറപ്പ് പദ്ധതി സജീവമായതോടെയാണ് ഈ മേഖലയിൽ നിന്ന് തൊഴിലാളികൾ കൊഴിഞ്ഞുപോകാൻ തുടങ്ങിയത്
4. കയർപിരി തൊഴിലാളികളെക്കൂടി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ വേതനം വർദ്ധിക്കുകയും കൊഴിഞ്ഞുപോക്ക് ഒരുപരിധിവരെ തടയാനും കഴിയും
കയർമേഖലയിലെ തൊഴിലാളികളുടെ കൂലി അടിയന്തരമായി വർദ്ധിപ്പിച്ച് തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് തടയണം. തൊഴിലുറപ്പ് പദ്ധതിയുടെ പരിധിയിൽ അവരെ ഉൾപ്പെടുത്തണം
-പി.വി.സത്യനേശൻ, എ.ഐ.ടി.യു.സി
....................................
വേതനം
പ്രതിദിനം: 350രൂപ
പിരിക്കേണ്ടത് : 27.5മുടി (330മീറ്റർ)
തൊഴിലാളികൾ
പിരിമേഖല: 45,000
അനുബന്ധ മേഖല:17,000