
ആലപ്പുഴ : പുന്നപ്ര പറവൂരിൽ മോഷണം നടത്തിയ സംഘത്തിലെ
രണ്ട് പേരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ്.
മോഷ്ടാക്കൾ വന്നതും പോയതുമായ വാഹനങ്ങളുടെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെയാണ് പ്രതികളെക്കുറിച്ചുള്ള
നിർണായക സൂചന ലഭിച്ചത്. പറവൂർ തൂക്കുകുളം ഭാഗത്തെ വ്യാപാരസ്ഥാനങ്ങളിലെയും വീടുകളിലെയും സി.സി ടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്. ഇതിനെത്തുടർന്ന് തമിഴ്‌നാട്ടിലെ തേനി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. കുറുവ സംഘമാണെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.
പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ വിരുവിളക്ക് (മകയിരം) വീട്ടിൽ മനോഹരന്റെ വീട്ടിൽ 14ന് രാത്രിയിലാണ് മോഷണം നടന്നത്.
മനോഹരന്റെ മകൾ നീതുവിന്റെയും മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെയും സ്വർണമാലകളാണ് നഷ്ടമായത്. സി.ഐ സ്റ്റെപ്‌റ്റോ ജോൺസൺന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തിനാണ് അന്വേഷണച്ചുമതല.
സന്തോഷ് ശെൽവത്തെ
തിരികെ ഹാജരാക്കി
കസ്റ്റഡിയിലായിരുന്ന കുറുവ സംഘത്തിലെ സന്തോഷ് ശെൽവത്തെ ഡിജിറ്റൽ തെളിവെടുപ്പ് പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി. തേനി, കമ്പം, തൂത്തുക്കുടി എന്നിവിടങ്ങളിൽ നിന്നാണ് തെളിവുകൾ ശേഖരിച്ചത്. അതേസമയം, സന്തോഷ് ശെൽവത്തിന്റെ കൂട്ടുപ്രതികളെ കണ്ടെത്താനോ, മോഷണവസ്തുക്കൾ കണ്ടെടുക്കാനോ പൊലീസിന് കഴിഞ്ഞിട്ടില്ല.
അന്വേഷണവുമായി സന്തോഷ് ശെൽവം സഹകരിക്കാത്തതിനാൽ ഇവയെക്കുറിച്ച് വ്യക്തമായ ഒരുസൂചനയും പൊലീസിന് ലഭിച്ചിട്ടില്ല.
മുപ്പതിലധികം കേസുകളിലെ പ്രതിക്ക് പൊലീസ് നടപടികൾ നന്നായി അറിയാമെന്നതിനാൽ വിവരങ്ങൾ ബോധപൂർവം മറച്ചുവയ്ക്കുന്നതായും സംശയമുണ്ട്. മണ്ണഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ മോഷണങ്ങളുമായി ബന്ധപ്പെട്ട് കൊച്ചി കുണ്ടന്നൂരിൽ നിന്നാണ് തമിഴ്‌നാട് തേനി കാമാക്ഷിപുരം സന്ദന മാരിയമ്മൻ കോവിൽ സ്ട്രീറ്റിൽ സന്തോഷ് ശെൽവം (25) പിടിയിലായത്. കോമളപുരത്തും കുണ്ടന്നൂരും പ്രതിയുമായി തെളിവെടുപ്പ് നടത്തിയിരുന്നു.