ചേർത്തല: ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികളിൽ ജീവിതമൂല്യങ്ങൾ ഉയർത്തുന്ന പ്രവർത്തനങ്ങളുമായി പ്രവാസി സംഘടനയായ മോഡൽ ലയൺസ് ക്ലബ് ഒഫ് പത്തനംതിട്ട എമിറേറ്റ്സ്. സ്‌കൂളിലെ 176 പ്ലസ് വൺ വിദ്യാർത്ഥികൾക്കാണ് ഒരു വർഷം നീളുന്ന പ്രവർത്തനം ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി മുഴുവൻ കുട്ടികൾക്കും എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ, ഇന്ത്യൻ ഭരണഘടന, മദർ തേരസയുടെ ജീവചരിത്രം എന്നീ പുസ്തകങ്ങൾ നൽകും.
പുസ്തക വായനയ്ക്ക് ശേഷം മറ്റുവിലയിരുത്തലുകൾ നടത്തുമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ എൻ.കെ.ഹരികുമാർ,പി.ടി.എ പ്രസിഡന്റ് പി.ടി.സതീശൻ,വൈസ് പ്രസിഡന്റ് ജിൻസി സാബു,എസ്.എം.സി ചെയർമാൻ എം.മുരുകൻ,സ്റ്റാഫ് സെക്രട്ടറി കെ.ടി.കവിത എന്നിവർ അറിയിച്ചു. 25ന് 3.30ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പദ്ധതി ഉദ്ഘാടനവും പുസ്തക വിതരണവും ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസട്രിക്ട് ഗവർണർ ആർ.വെങ്കിടാചലം നിർവഹിക്കും. പി.ടി.സതീശൻ അദ്ധ്യക്ഷനാകും.നഗരസഭ ചെയർപേഴ്സൺ ഷേർളിഭാർഗവൻ മുഖ്യാതിഥിയാകും.മോഡൽ ലയൺസ് ക്ലബ് പത്തനംതിട്ട പ്രസിഡന്റ് ജോർജ്ജ് കോശിവിളനിലം മുഖ്യ പ്രഭാഷണം നടത്തും.