photo

ചാരുംമൂട് : ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിൽ നിന്ന് 13കാരിയെ രക്ഷിച്ച് ഹരിതകർമ്മസേനാംഗങ്ങളായ സ്ത്രീകൾ.നൂറനാട് ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേനയുടെ വാഹനം ഓടിക്കുന്ന മഞ്ജുവും ഷാലിയുമാണ് പെൺകുട്ടിയുടെ രക്ഷകരായത്. യുവാവിനെ പിന്തുടർന്ന് മഞ്ജു പിടികൂടിയെങ്കിലും തള്ളിയിട്ടശേഷം യുവാവ് സ്കൂട്ടറിൽ രക്ഷപ്പെട്ടു.

രണ്ടാഴ്ച മുമ്പ് വൈകുന്നേരം മഴ സമയത്ത് നൂറനാടിന് സമീപമുള്ള റോഡിൽ വച്ചായിരുന്നു ക്രിമിനൽ പശ്ചാത്തലമുള്ള യുവാവ് നഗ്നതാ പ്രദർശനം നടത്തിയശേഷം പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. മഞ്ജുവും ഷാലിയും ഈ സമയം ഇതുവഴിയെത്തുകയും യുവാവിൽ നിന്ന് പെൺകുട്ടിയെ രക്ഷിക്കുകയുമായിരുന്നു, തുടർന്ന് സ്ഥലത്ത് നിന്ന് സ്‌കൂട്ടറിൽ രക്ഷപ്പെട്ട ഇയാളെ മഞ്ജു സ്‌കൂട്ടറിലും ഷാലി ഹരിത കർമ്മസേനയുടെ ഓട്ടോറിക്ഷയിലും പിന്തുടർന്നു. പറയംകുളം ജംഗ്ഷനിൽ

സ്‌കൂട്ടർ ഒതുക്കിയ ഇയാളെ മഞ്ജു പിടിച്ചു നിർത്തിയെങ്കിലും ഇയാൾ തള്ളിയിട്ട് സ്‌കൂട്ടർ ഓടിച്ചു പോകുകയായിരുന്നു. താഴെ വീണ മഞ്ജുവിന്

ചെറിയ പരിക്കുകളുമുണ്ടായി. ഷാലി തുടർന്നും ഓട്ടോയിൽ ഇയാളെ പിൻതുടർന്നെങ്കിലും പാറജംഗ്ഷൻ പിന്നിട്ട് പടനിലം ജംഗ്ഷനിൽ എത്തിയപ്പോഴേക്കും ബാറ്ററി ചാർജ്ജ് തീർന്ന് ഓട്ടോറിക്ഷ നിന്നു. മൂന്നു ദിവസം മുമ്പ് ഇതേ പോലുള്ള സ്‌കൂട്ടർ നൂറനാട്ടെ ചായക്കടയ്ക്ക് മുന്നിലിരിക്കുന്നത് കണ്ട് സംശയം തോന്നിയ മഞ്ജു മൊബൈലിൽ പടമെടുത്ത് നൂറനാട് പോലീസിന് കൈമാറി. പെൺകുട്ടിയെ രക്ഷപെടുത്തിയ മഞ്ജുവിനെയും ഷാലിയെയും നൂറനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ്, വൈസ് പ്രസിഡന്റ് ജി.അജികുമാർ, സ്റ്റാന്റിംഗ്

കമ്മിറ്റി ചെയർപേഴ്സൺ ഗീത അപ്പുക്കുട്ടൻ, പഞ്ചായത്തംഗം ശിവപ്രസാദ് എന്നിവരും നൂറനാട് സി.ഐ എസ്.ശ്രീകുമാറും എസ്.ഐ എസ്.നിതീഷും ഇവരെ അഭിനന്ദിച്ചു.