photo

ആലപ്പുഴ : സ്കൂൾ വിട്ടു വന്ന വിദ്യാർത്ഥിനിക്ക് നേർക്ക് നഗ്നതാ പ്രദർശനം നടത്തിയശേഷം ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. നിരവധികേസുകളിൽ പ്രതിയായ ഭരണിക്കാവ് പള്ളിക്കൽ നടുവിലെ മുറിയിൽ കൊടുവരയ്യത്ത് തെക്കതിൽ ലക്ഷംവീട് കോളനിയിൽ പ്രവീണിനെയാണ് (31) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ നവംബർ എട്ടിന് വൈകിട്ട് മഴയത്ത് സ്കൂൾ വിട്ടുവന്ന വിദ്യാർത്ഥിനിയെ സ്കൂട്ടറിൽ ഹെൽമെറ്റും റെയിൻ കോട്ടും ധരിച്ചു വന്ന് ഉപദ്രവിക്കുകയായിരുന്നു. സംഭവസമയം അതുവഴി​ സ്കൂട്ടറിൽ വന്ന ഹരിതകർമ്മ സേന പ്രവർത്തകരായ രണ്ട് സ്ത്രീകൾ ബഹളം വച്ചതിനാലാണ് പെൺകുട്ടി രക്ഷപ്പെട്ടത്. സംഭവശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ട ഇയാളുടെ വാഹനത്തിന്റെ അവസാനത്തെ രണ്ട് നമ്പർ ഹരിത കർമ്മസേനാംഗങ്ങൾ നൽകിയിരുന്നു. വെള്ള നിറത്തിലെ ആക്ടീവയാണെന്നും വിവരം നൽകി.

ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ ബിനുകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് അന്വേഷിച്ചത്.

ഇതിനിടയിൽ ഒരു ദിവസം പെൺകുട്ടിയും പിതാവും സ്കൂട്ടറിൽ വരുമ്പോൾ വഴിയിൽ വച്ച് പ്രതി സ്കൂട്ടറിൽ പോകുന്നത് കണ്ട് ഇയാളെ പിന്തുടർന്ന പെൺകുട്ടിയുടെ പിതാവിന് വാഹനത്തിൽ നിന്ന് വീണ് പരിക്കേൽക്കുകയും ചെയ്തു. അന്നും പ്രതി രക്ഷപ്പെട്ടുപോയി.

പി​ടി​കൂടി​യത് സാഹസി​കമായി​

ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിലും കൊല്ലം ജില്ലയുടെ വടക്കൻ മേഖലയിലും പരിശോധന നടത്തിയതിൽ പ്രതി ഉപയോഗിച്ചുവരുന്ന വാഹനത്തിൻറെ വ്യക്തമായ വിവരങ്ങൾ ലഭിച്ചു. എന്നാൽ ഈ വാഹനം വ്യാജ നമ്പർ പ്ലേറ്റ് പതിച്ചാണ് ഉപയോഗിച്ചുകൊണ്ടിരുന്നത് എന്ന് കണ്ടെത്തി. വീട്ടിൽ സ്ഥിരമായി താമസിക്കാത്ത ഇയാൾ പല സ്ഥലത്തും അലഞ്ഞു തിരിഞ്ഞു നടന്നു കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു വരികയായിരുന്നു. കായംകുളം, കുറത്തികാട്, നൂറനാട്, അമ്പലപ്പുഴ, മാവേലിക്കര എന്നീ സ്ഥലങ്ങളിൽ കഞ്ചാവ് വിപണനം, മോഷണം, കവർച്ച, അബ്കാരി കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഇന്നലെ വെളുപ്പിന് കായംകുളം റെയിൽവേ സ്റ്റേഷൻ പരിസരത്ത് റെയിൽവേ ഗർഡറുകൾക്കു മുകളിൽ കിടന്ന് ഉറങ്ങുകയായിരുന്ന ഇയാളെ നൂറനാട് സി.ഐ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. കൈയിൽ കരുതിയിരുന്ന കത്താൾ ഉപയോഗിച്ച് ഇയാൾ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും കീഴടക്കി. ചാലക്കുടി നഗരത്തിലെ ഒരു വീടിനുമുന്നിൽ നിന്നും മോഷ്ടിച്ചതാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്ന സ്കൂട്ടർ. എസ്.ഐ നിതീഷ്.എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശരത്ത്.എസ്, രജീഷ്.ആർ, കലേഷ്.കെ, മനു പ്രസന്നൻ, മനുകുമാർ.പി, ജയേഷ്. വി, ഷമീർ.ബി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.