കുട്ടനാട് : സി.ബി.എൽ സീസൺ 4ൽ കൈനകരി പമ്പയാറ്റിൽ നടന്ന അത്യന്തം വാശിയേറിയ മത്സരത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ ഒന്നാമതെത്തി. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിൽ വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടനെ ഏതാനും തുഴപ്പാടുകൾക്കാണ് പരാജയപ്പെടുത്തിയത്. അവസാന അഞ്ചു മീറ്ററിലായിരുന്നു പള്ളാത്തുരുത്തിയുടെ കുതിപ്പ് . സമയം 3.57.51 മിനിറ്റ്. 3.58.42 മിനിറ്റിലാണ് വീയപുരം ഫിനിഷ് ചെയ്തത്.
ഹീറ്റ്സ് മത്സരങ്ങളിലെ മികച്ച സമയത്തിന്റെ അടിസ്ഥാനത്തിൽ കാരിച്ചാലിനും വീയപുരത്തിനും പുറമെ യു.ബി.സി കൈനകരി തുഴഞ്ഞ തലവടി ചുണ്ടനുമാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. നടുഭാഗം (4.01.63 മിനിട്ട് ) മൂന്നാമതെത്തി. നിരണം (നിരണം ബോട്ട് ക്ലബ്) , നടുഭാഗം (കുമരകം ടൗൺബോട്ട് ക്ലബ്) , മേൽപ്പാടം ( കുമരകംബോട്ട് ക്ലബ്) , പായിപ്പാട് ( ആലപ്പുഴ ടൗൺ ബോട്ട് ക്ലബ്), ചമ്പക്കുളം (പുന്നമട ബോട്ട് ക്ലബ്), ആയാപറമ്പ് വലിയദിവാൻജി (ചങ്ങനാശ്ശേരി ബോട്ട് ക്ലബ്) എന്നിവയാണ് മത്സരിച്ച മറ്റ് വള്ളങ്ങൾ.
മന്ത്രി പി.പ്രസാദ് മത്സരം ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ് , സി.കെ.സദാശിവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ, സി.ബി.എൽ ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.