ആലപ്പുഴ: ഒരുമാസത്തിനിടെ പത്തിലധികം യാത്രക്കാർക്ക് നായ കടിയേറ്റ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ഭീതിയൊഴിയാതെ തെരുവുനായ്ക്കളുടെ വിളയാട്ടം. ഇവയെ തുരത്തിയോടിക്കാൻ യാത്രക്കാരുടെ സ്വയം പ്രതിരോധമല്ലാതെ മറ്റ് സംവിധാനങ്ങളൊന്നുമില്ല. അമ്പതോളം തെരുവുനായ്ക്കൾ റെയിൽവേസ്റ്റേഷൻ പരിസരത്ത് തമ്പടിക്കുന്നുണ്ടെന്ന് സ്ഥിരം യാത്രക്കാർ പറഞ്ഞു. പ്ലാറ്റ്ഫോമിലെ കസേരയിലിരിക്കുന്ന യാത്രക്കാരുടെ കാലിൽ പിന്നിൽ നിന്നെത്തി കടിക്കുന്നതാണ് നായ്ക്കളുടെ പതിവ് ശൈലി. ആർ.പി.എഫ് കോൺസ്റ്റബിൾ, ഒരു കുട്ടി, യുവ ഡോക്ടർ എന്നിവർക്കാണ് അവസാനമായി കടിയേറ്റത്. ഒരു ഭാഗത്ത് നായ്ക്കളെ ഭയന്ന് നിൽക്കുന്ന യാത്രക്കാർക്ക് അധിക തലവേദനയായി മാറുകയാണ് പെട്ടന്നുള്ള സ്റ്റേഷനിലെ പ്ലാറ്റ് ഫോം മാറ്റം. നവീകരണം നടന്നുകൊണ്ടിരിക്കുന്ന സ്റ്റേഷനിൽ എസ്കലേറ്ററും പ്രവർത്തിക്കുന്നില്ല. ഇതോടെ തെക്കേ അറ്റത്തെ കോണിപ്പടികൾ കയറി വേണം യാത്രക്കാർക്ക് അടുത്ത പ്ലാറ്റ്ഫോമിലെത്താൻ. ദീർഘദൂര യാത്രയ്ക്ക് വലിയ പെട്ടികളുമായി എത്തുന്ന യാത്രക്കാരാണ് ഇതോടെ വലയുന്നത്. അറിയിപ്പ് അൽപ്പം കൂടെ മുൻകൂട്ടി നൽകിയാൽ സമാധാനമായി പ്ലാറ്റ്ഫോം മാറിക്കയറാൻ അവസരം ലഭിക്കുമെന്നാണ് യാത്രക്കാർ പറയുന്നത്. പലദിവസങ്ങളിലും അന്യ സംസ്ഥാന തൊഴിലാളികൾ തിരിക്കിനിടയിൽ ഓടി വീഴുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

.........

''തെരുവുനായ ശല്യം പരിഹരിക്കാതെ യാത്രക്കാരെ കടിച്ചു പറിക്കാൻ പേ പട്ടികളെ തുറന്നു വിടുന്നത് പ്രതിഷേധാർഹമാണ്. സ്റ്റേഷൻ തുടങ്ങിയ കാലം മുതൽ പ്രശ്നപരിഹാരത്തിനായി രേഖാമൂലം ആവശ്യപ്പെടുന്നതാണ്

- കുട്ടനാട് - എറണാകുളം റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ (കെർപ)