ആലപ്പുഴ: പുതിയ പുന്നമട പാലത്തിന്റെ പൈലിംഗ് ജോലികൾ സായി കായിക പരിശീലന കേന്ദ്രത്തിന് സമീപം ആരംഭിച്ചു. 60മീറ്റർ താഴ്ചയിലുള്ള 78പൈലുകളിൽ ഒരെണ്ണം പൂർത്തിയാക്കി. ശേഷിച്ചവയുടെ ജോലികൾ പുരോഗമിക്കുന്നു. പാലം നിർമ്മിക്കുന്ന ഭാഗത്തെ വൈദ്യുതി ലൈനും പോസ്റ്റും മാറ്റുന്ന ജോലികൾ അടുത്ത ആഴ്ചയിൽ ആരംഭിക്കും. ജല അതോറട്ടറിയുടെ കുടിവെള്ള പൈപ്പുകൾ മാറ്റുന്ന ജോലികളും പുരോഗതിയിലാണ്. വേമ്പനാട്ട് കായലിന് കുറുകെ 384.1മീറ്റർ നീളമുള്ള പാലത്തിന് 12 മീറ്റർ നീളമുള്ള 25 സ്പാനുകളും 72.05 മീറ്ററിന്റെ ബോ സ്ട്രിംഗ് ആർച്ച് മാതൃകയിലുള്ള ഒരു ജല ഗതാഗത സ്പാനുമാണുള്ളത്. ഇരുകരകളിലുമായി 110 മീറ്റർ അപ്രോച്ച് റോഡും ഉൾപ്പെടുത്തിയിട്ടുണ്ട്. പുന്നമട കായലിലെ ഹൗസ് ബോട്ട് സഞ്ചാരത്തെ ബാധിക്കാത്ത രീതിയിൽ ഇൻ ലാൻഡ് വാട്ടർവേസ് അതോറിട്ടി ഒഫ് ഇന്ത്യയുടെ നിർദേശങ്ങൾ പാലിച്ചാണ് നിർമ്മാണം. 57.40കോടി രൂപ ചെലവ് വരുന്ന പാലത്തിന്റെ നിർമ്മാണ ചുമതല കെ.ആർ.എഫ്.ബിയ്ക്കാണ്. പാലം പൂർത്തിയാകുന്നതോടെ നെഹ്രുട്രോഫി വാർഡിലെയും കൈനകരി നടുത്തുരുത്ത് നിവാസികളുടെയും യാത്രാ ദുരിതത്തിന് അറുതിയാകും.
പ്രദേശത്തെ ടൂറിസം വികസനമാണ് പദ്ധതി ലക്ഷ്യമിടുന്നത്. തണ്ണീർമുക്കം- ആലപ്പുഴ റോഡിൽ നിന്ന് ആലപ്പുഴ നഗരത്തിൽ കയറാതെ എ.സി. റോഡിലെത്താനും ഗതാഗതക്കുരുക്ക് പരിഹരിക്കാനും വിഭാവനം ചെയ്തിരിക്കുന്ന പള്ളാത്തുരുത്തി കിഴക്കൻ ബൈപ്പാസിനോട് അനുബന്ധിച്ചുള്ളതാണ് പുന്നമടപാലം.
രണ്ടുവർഷം കൊണ്ട് പാലം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഒരാഴ്ചമുമ്പാണ് പൈലിംഗ് ആരംഭിച്ചത്. 78 പൈലിൽ ഒരെണ്ണം പൂർത്തിയായി
- പ്രഭാഷ്, അസി.എൻജിനിയർ, കെ.ആർ.എഫ്.ബി
പുന്നമട പാലം
നീളം: 384.1 മീറ്റർ
ചെലവ്: 57.40 കോടി
സ്പാനുകൾ
നീളം: 12 മീറ്റർ
എണ്ണം: 25
അപ്രോച്ച് റോഡ് : 110 മീറ്റർ