മാന്നാർ: രാത്രി 8 കഴിഞ്ഞാൽ മാന്നാറിലേക്കെത്താൻ ബസ് സർവീസുകളില്ലാത്തത് യാത്രക്കാരെ വലക്കുന്നു. ചെങ്ങന്നൂർ, മാവേലിക്കര, തിരുവല്ല, ഹരിപ്പാട് തുടങ്ങിയ സ്ഥലങ്ങളിൽ ട്രെയിനിൽ എത്തുന്നവരും ദേശീയ പാത വഴിയും എം.സി റോഡ് വഴിയും ദീർഘദൂര യാത്ര കഴിഞ്ഞെത്തുന്നവരും ജോലിക്കാരുമാണ് രാത്രികാലങ്ങളിൽ മാന്നാറിലേക്ക് ബസ് സർവീസുകളില്ലാത്തതിനാൽ ഏറെ വലയുന്നത്. മാന്നാറിൽ നിന്ന് തിരിച്ചും അതാണവസ്ഥ. എട്ടു മണി കഴിഞ്ഞാൽ ഓട്ടോ, ടാക്സികൾ മാത്രമാണ് ആശ്രയം. സ്വകാര്യ ബസുകൾ പലതും ഏഴു മണി കഴിഞ്ഞാൽ സർവീസുകൾ നിറുത്തും. കെ.എസ്.ആർ.ടി.സി യുടെ കാര്യം പറയുകയേ വേണ്ട. കൊവിഡിനെ തുടർന്നാണ് പല സർവീസുകളും നിറുത്തിയത്. എല്ലാവർക്കും സ്വന്തമായി വാഹനമുള്ളതിനാൽ ബസുകളിൽ കയറാൻ ആളില്ല എന്ന മറുപടിയാണ് നാളുകൾ ഏറെയായിയായിട്ടും സർവീസുകൾ പുനരാരംഭിക്കാത്തതിന് കാരണമായി അധികൃതർ പറയുന്നത്. മാന്നാറിൽ നിന്ന് പുലർച്ചെ തിരുവനന്തപുരം, കോട്ടയം, എറണാകുളം ഭാഗത്തേക്ക് സ്ഥിരമായി സർവീസുകൾ ഉണ്ടായിരുന്നത് ദീർഘദൂര യാത്രക്കാർക്ക് ഏറെ പ്രയോജനകരമായിരുന്നു. എന്നാൽ പുലർച്ചയുള്ള പല സർവീസുകൾ ഇല്ലാത്തത് പ്രദേശവാസികളെ വലയ്ക്കുന്നു. കായംകുളം ഭാഗത്തേക്ക് വെളുപ്പിനെയുള്ള എടത്വാ-കളിയിക്കാവിള, തിരുവല്ല-തിരുവനന്തപുരം, മാവേലിക്കരയിൽനിന്ന് പുലർച്ചെ അഞ്ചിനുള്ള ഗുരുവായൂർ ഫാസ്റ്റ് പാസഞ്ചറുകൾ എന്നിവ നിലച്ചിട്ട് ഇനിയും പുനരാരംഭിച്ചിട്ടില്ല. മാന്നാർ-അടൂർ, തേവേരി-പറക്കോട്, വീയപുരം-മണ്ണടി എന്നീ റൂട്ടുകളിൽ സ്വകാര്യ ബസുകൾ പുലർച്ചെ അഞ്ചു മുതൽ നടത്തിയിരുന്ന സർവീസിൽ അതിൽ ഒന്നുപോലും നിലവിലില്ല.
...................
പമ്പ സർവീസ് പുനരാരംഭിക്കണം
ശബരിമല തീർത്ഥാടന സീസൺ ആരംഭിച്ചിട്ടും അപ്പർ കുട്ടനാട് മേഖലയിൽ നിന്ന് പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി സർവീസുകൾ തുടങ്ങിയിട്ടില്ല. മുൻകാലങ്ങളിൽ പരുമല പനയന്നാർ കാവിൽ നിന്ന് ആരംഭിച്ചിരുന്ന പരുമല - പമ്പാ സർവ്വീസ്, തൃക്കുരട്ടിയിൽ നിന്ന്ദിവസവും രാത്രി 8.40 ന് ആരംഭിച്ച് ബുധനൂർ, പുലിയൂർ, ചെറിയനാട് ക്ഷേത്രം വഴി അയ്യപ്പ ഭക്തരെ ചെങ്ങന്നൂർ വഴി പമ്പയിൽ എത്തിക്കുന്ന പമ്പ സർവീസ് എന്നിവ പുനരാരംഭിക്കണമെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം മാന്നാർ മേഖലാ യോഗം ആവശ്യപ്പെട്ടു. എൻ.ആർ.സി രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗം ദേശീയ ജന.സെക്രട്ടറി അഡ്വ.ഡി.വിജയകുമാർ ഉദ്ഘാടനം ചെയ്യ്തു. ഹരി പാണുവേലി, ഷാജി വേഴാംപറമ്പിൽ, ബാലസുന്ദരപണിക്കർ, അഡ്വ.കെ.സന്തോഷ് കുമാർ, ബാബു കല്ലൂത്തറ, യശോധരൻ പാണ്ടനാട് എന്നിവർ സംസാരിച്ചു.