കായംകുളം :വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് കായംകുളം പുതുപ്പള്ളി സി.പി.എം ലോക്കൽ സമ്മേളനത്തിൽ സെക്രട്ടറിയെ തിരഞ്ഞെടുക്കാനായില്ല. തുടർന്ന് ഏരിയ കമ്മിറ്റിയംഗം കെ.പി.മോഹൻദാസിന് സെക്രട്ടറിയുടെ ചുമതല നൽകി ഒത്തുതീർപ്പുണ്ടാക്കി. തർക്കത്തെ തുടർന്ന് പുതിയ അംഗങ്ങളെ ഉൾപ്പെടുത്താതെ നിലവിലെ 10 അംഗങ്ങളെ മാത്രം നിലനിർത്തി ലോക്കൽ കമ്മിറ്റിയും രൂപവത്ക്കരിച്ചു. പുതുപ്പള്ളി ലോക്കൽ കമ്മിറ്റിയിൽ 15 അംഗങ്ങളാണുണ്ടായിരുന്നത്. ഇതിൽ നാല് പേർക്കെതിരെ പാർട്ടി നടപടി സ്വീകരിച്ച് പുറത്താക്കി. ഒരാളെ പ്രായപരിധികഴിഞ്ഞതിനാൽ ഒഴിവാക്കി. നിലവിലെ അംഗങ്ങളെയും പുതിയതായി അഞ്ച് പേരെയും ഉൾപ്പെടുത്തി ഔദ്യോതിക വിഭാഗം പാനൽ അവതരിപ്പിച്ചു. എന്നാൽ മറു വിഭാഗം ഇതിനെ എതിർത്തു. മറ്റ് രണ്ട് പേരെ പുതിയതായി ഉൾപ്പെടുത്തണമെന്നാവശ്യപെട്ടു. ഇതോടെ തർക്കമുണ്ടായി. തുടർന്ന് നിലവിലെ 10 അംഗ കമ്മിറ്റിയിൽ നിന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചു.
ഔദ്യോഗിക വിഭാഗം നിലവിലെ സെക്രട്ടറി യേശുദാസനെ തുടരാൻ അനുവദിക്കാൻ നിർദേശിച്ചു. എന്നാൽ മറുവിഭാഗം സി.വിദ്യാധരനെ സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിച്ചു. തർക്കം പരിഹരിക്കാൻ കഴിയാത്തതിനെ തുടർന്നാണ് ഏരിയ കമ്മിറ്റി അംഗം കെ.പി.മോഹൻദാസിന് സെക്രട്ടറിയുടെ ചുമതല നൽകിയത്.