ആലപ്പുഴ: ശബരിമലയിൽ മണ്ഡലകാലത്തിരക്ക് വർദ്ധിച്ചതോടെ പമ്പ സർവീസിനായി മറ്റ് റൂട്ടുകളിൽ നിന്ന് ബസുകൾ പിൻവലിച്ചത് ദേശീയ പാതയിലുൾപ്പെടെ ജില്ലയിൽ യാത്രാക്ളേശം രൂക്ഷമാക്കി. മണ്ഡലകാലത്തിനൊപ്പം ഓച്ചിറ, നൂറനാട് പടനിലം എന്നിവിടങ്ങളിലെ വൃശ്ചികോത്സവത്തിരക്ക് പ്രമാണിച്ച് ഓ‌‌ർഡിനറി സർവീസുകൾ അവിടേക്ക് കേന്ദ്രീകരിച്ചതും ദേശീയപാതയിൽ ആലപ്പുഴ-ചേർത്തല റൂട്ടുകളിലും തിരുവല്ല, പത്തനംതിട്ട, മാവേലിക്കര,പന്തളം റൂട്ടുകളിലും സർവീസുകളുടെ എണ്ണം കുറയ്ക്കുന്നതിനിടയാക്കി. ഇന്ന് പന്ത്രണ്ട് വിളക്കുത്സവം സമാപിക്കുന്നതോടെ ഓർ‌ഡിനറി സർവീസുകളുടെ കാര്യത്തിൽ നേരിയ ആശ്വാസമുണ്ടാകുമെങ്കിലും ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് സർവീസുകളുടെ ക്ഷാമം പരിഹരിക്കുന്നതിന് മണ്ഡലകാലം കഴിയുംവരെ കാത്തിരിക്കേണ്ടിവരും.
ശബരിമല സർവീസിനായി ഈവർഷം പുതിയബസുകളൊന്നും ലഭ്യമാകാതിരുന്നതിനാൽ നിലവിൽ വിവിധറൂട്ടുകളിലായി സർവീസ് നടത്തിയിരുന്ന ബസുകൾ പിൻവലിച്ചാണ് പമ്പ സർവീസുകൾ ഏകോപിപ്പിച്ചത്. ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നായി ഒരു ഡസനോളം ഫാസ്റ്റ് പാസഞ്ചർ സർവീസുകളെയും ജീവനക്കാരെയും പമ്പ സർവീസിനായി പമ്പ, പത്തനംതിട്ട ‌ഡിപ്പോകളിലേക്ക് വൃശ്ചികം ഒന്നുമുതൽ നിയോഗിച്ചിരുന്നു. ഇതിനുപുറമേ ശബരിമല തീർത്ഥാടകരുടെ തിരക്കേറെയുള്ള ശനി, ഞായർ ദിവസങ്ങളിൽ പമ്പ സർവീസിനായി കൂടുതൽ ബസുകൾ പിൻവലിക്കുക കൂടി ചെയ്യുമ്പോൾ ആഴ്ചയുടെ ആദ്യ - അവസാന പ്രവൃത്തി ദിവസങ്ങളായ തിങ്കൾ, വെള്ളി, ശനി ദിവസങ്ങളിൽ യാത്രാക്ളേശം അതിരൂക്ഷമാണ്.

ദുരിതം കൂടുതൽ ആഴ്ചാവസാനവും ആദ്യവും

1.നിർമ്മാണപ്രവർ‌ത്തനങ്ങൾ കാരണം ദേശീയപാതയിൽ പൊതുവിൽ യാത്രാദുരിതം രൂക്ഷമായിരിക്കുന്നതിനിടെ ബസ് ക്ഷാമവും കൂടെ വന്നതോടെ യാത്രക്കാർ പെരുവഴിയിലായി

2.കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ ഡിപ്പോകളിൽ നിന്ന് എറണാകുളം, വൈറ്റില റൂട്ടുകളിലേക്കും തിരുവനന്തപുരത്തേക്കും നടത്തിയിരുന്ന സർ‌വീസുകൾ റദ്ദാക്കിയത് പതിവ് യാത്രക്കാരെ ദുരിതത്തിലാക്കി

3.യാത്രക്കാരുടെ തിരക്കും കൂടുതൽ വരുമാനവും ലക്ഷ്യമിട്ട് ലാഭകരമായ സ്ഥിരം സർവീസുകൾ സഹിതം കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസുകൾക്കായി ഒഴിവാക്കി

തിങ്കളാഴ്ച ഉൾപ്പെടെ രാവിലെ 7 മുതൽ 10 മണിവരെ ആലപ്പുഴ-എറണാകുളം റൂട്ടിലേക്ക് ആവശ്യമായത്ര ബസുകളില്ലാത്ത സ്ഥിതിയാണ്. ഓഫീസ് ജീവനക്കാരും വിദ്യാർത്ഥികളും ഏറെ യാത്രചെയ്യുന്ന സമയം കണക്കാക്കി കൂടുതൽ സർവീസുകൾ ഓപ്പറേറ്റ് ചെയ്യാൻ കെ.എസ്.ആർ.ടി.സി തയ്യാറാകണം

-അഭിലാഷ് , യാത്രക്കാരൻ

പമ്പയിലേക്ക് കൂടുതൽ സർവീസുകൾ അയക്കേണ്ടിവരുന്നത് മറ്റ് റൂട്ടുകളിൽ യാത്രക്കാരെ ബാധിച്ചിട്ടുണ്ട്. പരാതിക്കിടയാക്കാത്ത വിധം സർവീസുകൾ ഓപ്പറേറ്റ് ചെയ്യാൻ ഡിപ്പോകൾക്ക് നിർദേശം നൽകി

- സോണൽ ഓഫീസർ, കെ.എസ്.ആർ.ടി.സി