
ആലപ്പുഴ: സംസ്ക്കരണ പ്ലാന്റുകൾ അനുമതി നിഷേധിച്ചതോടെ ജില്ലയിൽ കക്കൂസ് മാലിന്യ നീക്കം വീണ്ടും താറുമാറായി. മാലിന്യ നീക്കത്തിന് സർക്കാർ സംവിധാനമൊരുക്കാത്തതിൽ പ്രതിഷേധിച്ച് കേരള പ്രദേശ് സെപ്റ്റിക്ക് ടാങ്ക് ക്ലീനേഴ്സ് മസ്ദൂർ സംഘം സമരം കൂടി ആരംഭിച്ചതോടെ ടാങ്കർ ലോറികൾ ഓട്ടം നിർത്തി ഷെഡിൽ കയറ്റി. ജില്ലയെ കൂടാതെ കോട്ടയത്തെയും പത്തനംതിട്ടയിലെയും വാഹന ഉടമകൾ കൂടി സമരത്തിൽ ചേർന്നതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. ഇതോടെ നാട് പകർച്ചവ്യാധി ഭീതിയിലുമായി.
രണ്ട് മാസം മുമ്പും സമാനമായ സമരം നടന്നിരുന്നു. തുടർന്ന്
ആലപ്പുഴ മെഡിക്കൽ കോളേജിലെ സംസ്‌ക്കണ കേന്ദ്രത്തിൽ അഞ്ചും കായംകുളം എൻ.ടി.പി.സി, പള്ളിപ്പുറം ഇൻഫോപാർക്ക് എന്നിവിടങ്ങളിൽ രണ്ട് ലോഡ് വീതവും ദിവസേന സംസ്ക്കരിക്കാൻ അനുമതി ലഭിച്ചിരുന്നു.
എന്നാൽ, ഇതിനിടെ മാലിന്യസംസ്ക്കരണത്തിൽ എൻ.ടി.പി.സി നിയന്ത്രണം ഏർപ്പെടുത്തുകയും മെഡിക്കൽ കോളേജിലെ അനുമതി കാലാവധി അവസാനിക്കുകയും ചെയ്തു. ഇൻഫോപാർക്ക് രണ്ട് ലോഡ് എന്നത്
ഒന്നായി കുറച്ചു. ഇതോടെ ടാങ്കറുകൾക്ക് മാലിന്യം പുറന്തള്ളാൻ സ്ഥലമില്ലാത്ത അവസ്ഥയായി. റോഡിലിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് പിഴയീടാക്കാനും തുടങ്ങി. ഇതോടെയാണ് സമര തീരുമാനത്തിലേക്ക് വീണ്ടും വാഹന ഉടമകളെത്തിയത്.
പരിഹാരം വാരനാട് പ്ലാന്റ്
1.ആദ്യ ദിവസം ലോഡ് നീക്കം നിലച്ചപ്പോൾ തന്നെ ജില്ലയിലെ പല ഹോട്ടുകളുടെയും സ്ഥിതി അവതാളത്തിലായി. മണ്ഡലകാല തിരക്ക് കൂടിയായതോടെ മാലിന്യ നീക്കമില്ലാതെ പിടിച്ചുനിൽക്കാനാവാത്ത സ്ഥിതിയാണ്
2.സർക്കാർ ഏറ്റെടുത്ത വാരനാട് മാക്ഡവൽ കമ്പനി വളപ്പിലെ പ്ലാന്റ് രണ്ട് മാസത്തിനുള്ളിൽ തുറക്കുമെന്ന് കഴിഞ്ഞ സമരകാലത്ത് ജില്ലാ ഭരണകൂടം സമരക്കാർക്ക് ഉറപ്പ് നൽകിയെങ്കിലും പിന്നീട് അത് മാർച്ചിലെന്ന് തിരുത്തി
3.വീണ്ടും സമരം ശക്തിപ്രാപിച്ചതോടെ, ഡിസംബർ 18നകം പ്ലാന്റ് തുറന്നു നൽകുമെന്ന സൂചനകളാണ് കേൾക്കുന്നത്. നിർമ്മാണം പൂർത്തിയായ ഈ പ്ലാന്റ് തുറന്നാൽ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകും
മാലിന്യശേഖരണ
വാഹനങ്ങൾ
ജില്ലയിൽ 150
മാലിന്യശേഖരണം നിർത്തിയാൽ ജില്ല പകർച്ച വ്യാധിയുടെ പിടിയിലാകും. സംസ്‌ക്കരണ പ്ലാന്റുകൾ തുറന്നു നൽകാതെ സമരം അവസാനിപ്പിക്കില്ല
- വിപിൻ ദാസ്, കേരള പ്രദേശ് സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് മസ്ദൂർ സംഘ് ജില്ലാ കമ്മിറ്റി