
അമ്പലപ്പുഴ: നിർദ്ധന കുടുംബത്തിന്റെ നട്ടെല്ലായിരുന്ന യുവാവിന്റെ മരണം നാടിനൊന്നാകെ നൊമ്പരമായി. തിരുവല്ല മുത്തൂരിൽ റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി മരിച്ച സ്കൂട്ടർ യാത്രികൻ സിയാദിന്റെ മൃതദേഹം തകഴി കുന്നുമ്മ കുറപ്പശേരി വീട്ടിൽ സെയ്ഫുദ്ദീൻ - അയിഷ ദമ്പതികളുടെ മകൻ സിയാദിന്റെ (32) മൃതദേഹം വീട്ടിൽ പൊതുദർശനത്തിനായി എത്തിച്ചപ്പോൾ നാട് ഒന്നാകെ നിറകണ്ണുകളോടെ ഒഴുകിയെത്തി . തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ തകഴി കന്നുമ്മ മൊഹ്യുദ്ദീൻ ജുമാ മസ്ജിദിൽ കബറടക്കി. ഹൃദ്രോഗിയായ സെയ്ഫുദ്ദീനെയും കുടുംബത്തിനേയും ആശ്വസിപ്പിക്കാനാവാതെ കണ്ടു നിന്നവരുടേയും മിഴികൾ നനഞ്ഞു. പെയിന്റിംഗ് തൊഴിലാളിയായ സിയാദിന്റെ ഏകവരുമാനത്തിലായിരുന്നു കുടുംബം കഴിഞ്ഞുവന്നത്.
കൺമുന്നിൽ ഭർത്താവിന്റെ മരണം കണ്ട സിയാദിന്റെ ഭാര്യ ഷിബിന ആ നടുക്കത്തിൽ നിന്ന് ഇനിയും മോചിതയായിട്ടില്ല. ഞായറാഴ്ച ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ബൈക്കിൽ തിരുവല്ല മുത്തൂരിൽ താമസിക്കുന്ന മൂത്ത സഹോദരി ഷെമിനയുടെ വീട്ടിൽ പോയി മടങ്ങവേ, വാഹനങ്ങൾ വഴി തിരിച്ചു വിടാനായി റോഡിൽ കെട്ടിയിരുന്ന കയർ കഴുത്തിൽ കുരുങ്ങിയാണ് സിയാദ് മരിച്ചത്. ഭാര്യ ഷിബിനക്കും മകൾ ന്യൂറാ ഫാത്തിമയും, ഒന്നര വയസുകാരൻ സഹനും നിസാര പരിക്കേറ്റിരുന്നു. കയർ കഴുത്തിൽ കുരുങ്ങി റോഡിൽ തെറിച്ചു വീണാണ്+ സിയാദ് മരിച്ചത്.