അമ്പലപ്പുഴ : കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ വിജയലക്ഷ്മിയെന്ന യുവതിയെ കരൂരിൽ കാമുകൻ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിന്റെ അന്വേഷണം അമ്പലപ്പുഴ പൊലീസ് ഏറ്റെടുത്തു.കരുനാഗപ്പള്ളി കുലശേഖരപുരം കൊച്ചുമാമ്മൂടിൽ വാടകയ്ക്ക് താമസിച്ചിരുന്ന വിജയലക്ഷ്മിയെ (48) കൊലപ്പെടുത്തിയ കേസിന്റെ എഫ്.ഐ.ആറും സി.ഡി ഫയലുകളും കരുനാഗപ്പള്ളി പൊലീസ് കഴിഞ്ഞ ദിവസം അമ്പലപ്പുഴ പൊലീസിന് കൈമാറി.
കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതി അമ്പലപ്പുഴ കരൂർ പുതുവൽ ജയചന്ദ്രനെ (53) കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ അമ്പലപ്പുഴ പൊലീസ് ആരംഭിച്ചു. അമ്പലപ്പുഴയിൽ പുതുതായി രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്.ഐ.ആർ കോടതിയിൽ സമർപ്പിച്ച പൊലീസ് ഇയാളെ കോടതിയിൽ ഹാജരാക്കുന്നതിനുള്ള പ്രൊഡക്ഷൻ വാറണ്ടിന് അപേക്ഷ നൽകി. വിജയലക്ഷ്മിക്ക് മറ്റൊരാളുമായുള്ള സ്നേഹബന്ധമാണ് കൊലപാതകത്തിന് കാരണമായത്.
ജയചന്ദ്രനെ കസ്റ്റഡിയിൽ വാങ്ങിയശേഷമേ വിജയലക്ഷ്മിയെ കൊലപ്പെടുത്തിയ ആയുധവും മറവ് ചെയ്യാനുപയോഗിച്ച സാധനങ്ങളും ആഭരണങ്ങൾ വിറ്റ ജൂവലറിയും പണവും മറ്റും കണ്ടെത്താനാകൂ.