ആലപ്പുഴ: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് ഇടതു സർക്കാർ വാക്കുപാലിക്കുക, 19 ശതമാനം ക്ഷാമബത്ത കുടിശികയും അനുവദിച്ച അഞ്ച് ശതമാനം ക്ഷാമബത്തയുടെ 39 മാസത്തെ അരിയറും അനുവദിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം നടപ്പാക്കുക, മെഡിസെപ്പ് സർക്കാർ വിഹിതം ഉൾപ്പെടുത്തി പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ സംഘ് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാർ ഇന്ന് കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധിക്കും. ആലപ്പുഴ ജനറൽ ആശുപത്രിയിൽ നിന്നാരംഭിക്കുന്ന മാർച്ച് കളക്ടറേറ്റിന് മുന്നിൽ കേരള എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി കെ.രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.എൻ.അജിത് കുമാർ, സെക്രട്ടറി പി.ജി.ജിതേഷ് നാഥ് എന്നിവർ നേതൃത്വം നൽകും.