ആലപ്പുഴ : പഞ്ചായത്ത് ജോയിന്റ് ഡയറക്ടറുടെ ഓഫീസിന് 40 വർഷമായി പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തിൽ. തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഏകീകരണത്തോടെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, ജോയിന്റ് ഡയറക്ടറുടെ ഓഫീസായി എന്നതല്ലാതെ ഇത്രയും കാലത്തിനിടെ കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. വാടകയും വൈദ്യുതി ചാർജ്ജുമായി പ്രതിമാസം 65,000 രൂപയോളം ചെലവാകുന്നുണ്ട്. വെള്ളക്കിണർ ജംഗ്ഷന് സമീപത്തെ വാടകക്കെട്ടിടത്തിൽ ആദ്യകാലത്ത് പ്രവർത്തിച്ചിരുന്ന ഓഫീസ് പിന്നീട് കണ്ണൻ വർക്കി പാലത്തിന് സമീപത്തേയ്ക്ക് മാറ്റി.
വാടക തർക്കത്തെ തുടർന്ന് അവിടെ നിന്ന് മാറി കഴിഞ്ഞ പത്തു വർഷമായി കല്ലുപാലത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് ജോയിന്റ് ഡയറക്ടർ ഓഫീസിന്റെ പ്രവർത്തനം.
സർക്കാർ കെട്ടിടം ഒഴിവുണ്ട്
1. കളക്ടറേറ്റ് വളപ്പിലെ മൂന്ന് നിലകളുള്ള ജില്ലാ ആസൂത്രണ സമിതി കെട്ടിടത്തിന്റെ താഴത്തെ നില ഒഴിഞ്ഞുകിടപ്പുണ്ട്. ഈ ഭാഗം ജോയിന്റ് ഡയറക്ടർ ഓഫീസിനായി അനുവദിച്ചാൽ വാടകയിനത്തിലെ തുക ലാഭിക്കാം
2.ജില്ല ജോയിന്റ് ഡയറക്ടറുടെ കീഴിലുള്ള തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതി വിഹിതത്തിന്റെ 10ശതമാനവും സർക്കാർ വിഹിതവും ചെലവഴിച്ചാണ് കെട്ടിടസമുച്ചയം നിർമ്മിച്ചിട്ടുള്ളത്
3.ആലപ്പുഴ നഗരസഭയുടെ ഉടമസ്ഥതയിൽ തൂക്കുകുളത്തുള്ള 15സെന്റ് സ്ഥലം ജോയിന്റ് ഡയറക്ടർ ഓഫീസിനായി വിട്ടുകൊടുത്തിരുന്നു. ഇത് പേരിലാക്കാനുള്ള നടപടികൾ വേഗത്തിലാക്കിയാൽ സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാം
വാടക, കറണ്ട് ചാർജിനത്തിൽ മാസം ചെലവാകുന്ന തുക : ₹65,000
ജോയിന്റ് ഡയറക്ടർ ഓഫീസിലെ ആകെ ജീവനക്കാർ : 122
കളക്ടറേറ്റിലെ ഓഫീസിൽ ജോലി ചെയ്യുന്നവർ : 15
ടൗൺ പ്ളാനിംഗ് ഓഫീസിൽ ജോലി ചെയ്യുന്നവർ : 22