
മാന്നാർ : സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകൾ വിഭജിച്ചുള്ള കരട് വിജ്ഞാപനത്തിൽ മാന്നാർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡായ 'മാന്നാർ ടൗൺ' വാർഡ് 'പരുമല' എന്നായതിൽ പ്രതിഷേധം വ്യാപകമാകുന്നു. വെങ്കലനാടിന്റെ പെരുമയിൽ പ്രശസ്തമായ മാന്നാർ ടൗൺ വാർഡിന് സമീപ ജില്ലയായ പത്തനംതിട്ടയിലെ ഒരു പ്രദേശത്തിന്റെ പേര് നൽകിയതിനെ ചൊല്ലിയാണ് പ്രതിഷേധം. 18 വാർഡുകൾ ഉണ്ടായിരുന്ന മാന്നാർ ഗ്രാമപഞ്ചായത്തിൽ ഒരു വാർഡ് കൂടി വർദ്ധിപ്പിച്ച് 19 വാർഡുകളാണ് കരട് വിജ്ഞാപനത്തിൽ ഉള്ളത്. അതിലാണ് 'മാന്നാർ ടൗൺ' പരുമലയായി മാറിയത്.
പേരുകൾ പുനസ്ഥാപിക്കണം: കോൺഗ്രസ് മണ്ഡലം കമ്മിറ്റി
മാന്നാർ ഗ്രാമപഞ്ചാ പഞ്ചായത്തിലെ വാർഡുകളുടെ പുനർ വിഭജനം അശാസ്ത്രീയമാണെന്ന് മാന്നാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസ്താവിച്ചു. മാന്നാർ ടൗൺ വാർഡിന് പത്തനംതിട്ട ജില്ലയിലെ പരുമല എന്നും മാന്നാർ ടൗൺ വെസ്റ്റ് വാർഡിന് ചെന്നിത്തല പഞ്ചായത്തിന്റെ ഭാഗമായ ഇരമത്തൂർ എന്നുമാണ് പുതുതായി നാമകരണം ചെയ്തിരിക്കുന്നത്. ഇത് തികച്ചും അശാസ്ത്രീയമാണെന്നും മാന്നാർ ടൗൺ, പൊതുവൂർ എന്നിങ്ങനെയായി തിരുത്തണമെന്നും മണ്ഡലം കമ്മിറ്റി യോഗംആവശ്യപ്പെട്ടു. കെ.പി.സി.സി നിർവാഹക സമിതിയംഗം മാന്നാർ അബ്ദുൽ ലത്തീഫ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിമാരായ സണ്ണി കോവിലകം, തോമസ് ചാക്കോ, ബ്ലോക്ക് പ്രസിഡന്റ് സുജിത് ശ്രീരംഗം, മധു പുഴയോരം, ഹരി കുട്ടംപേരൂർ, ചന്ദ്രശേഖരൻ, കെ.ബാലസുന്ദരപണിക്കർ. പി.ബി സലാം, ഹസീന സലാം എന്നിവർ സംസാരിച്ചു. മാന്നാർ ടൗൺ വാർഡിനെ പരുമല എന്നാക്കിയതിൽ മുസ്ലിംലീഗ് മാന്നാർ പഞ്ചായത്ത് കമ്മിറ്റിയും പ്രതിഷേധിച്ചു.
കളക്ടർക്ക് പരാതിയുമായി മെമ്പർ
മാന്നാർ ടൗൺ വാർഡിനെ പരുമല എന്ന് പുനർനാമകരണം ചെയ്തതിൽ ടൗൺ വാർഡ് മെമ്പർ ഷൈന നവാസ് ജില്ലാ കളക്ടർക്ക് പരാതി നൽകി. പരുമല എന്നത് മാന്നാർ ഗ്രാമപഞ്ചായത്തിൻ്റെ സമീപ പഞ്ചായത്തായ കടപ്ര ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പരുമല സെമിനാരിയും പരുമല പള്ളിയും ഉൾപ്പെടുന്ന പ്രദേശമാണ്. നിലവിൽ മാന്നാറിന്റെതായ ഭാഗങ്ങൾ ഒന്നും തന്നെ പരുമലയിൽ ഇല്ല. മാന്നാർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗമായ വാർഡിനെ മാന്നാർ ടൗൺ വാർഡ് എന്ന് തന്നെയാക്കി നിലനിർത്തണമെന്നാണ് വാർഡ് മെമ്പറുടെ ആവശ്യം.