ambala

അമ്പലപ്പുഴ : കവർപാൽ എന്തൊക്കെ ഘട്ടങ്ങൾ കടന്നാണ് തങ്ങളുടെ കൈയിലേക്ക് എത്തുന്നതെന്ന് നേരിട്ടു കണ്ടറിഞ്ഞപ്പോൾ കുഞ്ഞുമനസുകൾക്ക് അത്ഭുതം. ഐസ്ക്രീം,ചോക്ക്ലേറ്റുകൾ ഉൾപ്പടെ വിലകുറച്ച് കിട്ടിയപ്പോൾ അതിലേറെ സന്തോഷം. ക്ഷീര ദിനാഘോഷങ്ങളുടെ ഭാഗമായി മിൽമയുടെ പുന്നപ്ര ഡയറി സന്ദർശിക്കുകയായിരുന്നു സ്കൂൾ വിദ്യാർത്ഥികൾ. തി​ങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പ്രവർത്തനം നേരിൽ കാണാൻ മിൽമ അവസരം നൽകിയത്.

ജില്ലയിലെ വിവിധഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ മിൽമ സന്ദർശിക്കാനെത്തി. പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങളിൽ നിന്ന് സംഭരിക്കുന്ന പാൽ ഡയറിയിൽ പാസ്‌ചറൈസ് ചെയ്‌ത്‌ രോഗാണു വിമുക്തമാക്കി യന്ത്ര സഹായത്തോടെ പാക്ക് ചെയ്‌ത് വിപണിയിൽ എത്തിക്കുന്നത് വരെയുള്ള വിവിധഘട്ടങ്ങൾ സന്ദർശകർക്ക് നേരിൽ കണ്ട് മനസിലാക്കാനായി. മിൽമയുടെ മറ്റ് ഉത്പന്നങ്ങളായ നെയ്യ്, തൈര് എന്നിവ ഉത്പാദിപ്പിക്കുന്നതും ഡയറിയുടെ ദൈനംദിന പ്രവർത്തനങ്ങളും കണ്ട് മനസ്സിലാക്കാനുള്ള സൗകര്യവും ഉണ്ടായിരുന്നു. നെയ്യ്, തൈര്, ഐസ്ക്രീം, പേഡ, പനീർ, ബട്ടർ, ചോക്കലേറ്റുകൾ, സിപ് അപ്പ്, മാംഗോ ജ്യൂസ്, ഫ്ലേവേർഡ് മിൽക്ക്,കേക്കുകൾ തുടങ്ങിയവ മിതമായ നിരക്കിൽ പ്രത്യേക സ്റ്റാളുകളിൽ നിന്നും ലഭ്യമാക്കി. മാർക്കറ്റിംഗ് സെൽ യൂണിറ്റ് മേധാവി അനുഷ ടി.എ, സെൻട്രൽ പ്രോഡക്ട്സ് ഡയറി യൂണിറ്റ് മേധാവി ശ്യാമ കൃഷ്ണൻ, മാർക്കറ്റിംഗ് സെൽ അസി. മാർക്കറ്റിംഗ് ഓഫീസർമാരായ അഖിൽ എസ്.കുമാർ, കെ.കൃഷ്ണപ്രിയ, ടി.കെ.സജിന എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനത്തിനുള്ള ക്രമീകരണം ഏർപ്പെടുത്തിയത് പ്രതിദിനം 1,05,000 ലിറ്റർ പാലാണ് പുന്നപ്ര മിൽമ ഡയറിയിൽ നിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുന്നത്. പ്രതിദിനം 5,000 ലിറ്റർ തൈരും 30,000 ലിറ്റർ നെയ്യും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.