ആലപ്പുഴ: ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ സീവ്യൂ വാർഡിലെ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിൽ ഇന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർവഹിക്കും. ദിനാചരണത്തിന്റെ ഭാഗമായി ഒന്ന് മുതൽ 19 വയസ് വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും വിര നശീകരണത്തിനുള്ള ആൽബൻഡസോൾ ഗുളിക നൽകും. ജില്ലയിൽ ഒന്നിനും 19 വയസ്സിനുമിടയ്ക്കുള്ള മൂന്നര ലക്ഷത്തോളം പേർക്കാണ് വിരഗുളിക നൽകുന്നത്. സ്‌കൂളുകൾ, അങ്കണവാടികൾ തുടങ്ങിയ വിദ്യാഭ്യാസസ്ഥാപനങ്ങളിലാകും ഗുളികവിതരണം.
കുട്ടികളിലെ ആരോഗ്യപ്രശ്നമായ വിളർച്ചയുടെ ഒരു പ്രധാനകാരണം വിരബാധയാണ്. ഇത് കുട്ടികളിൽ പോഷണക്കുറവ്, ക്ഷീണം എന്നിവയ്ക്ക് കാരണമാവുകയും അവരുടെ ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള കഴിവ് കുറയ്ക്കുകയും പ്രവർത്തന മികവിനെ ബാധിക്കുകയും ചെയ്യും. കൊക്കപ്പുഴു ഉൾപ്പെടെയുള്ള വിരകളെ നശിപ്പിക്കുവാൻ ആൽബൻഡസോൾ ഗുളിക ഫലപ്രദമാണ്. ഒന്നു മുതൽ രണ്ടു വയസ്സ് വരെയുള്ള കുട്ടികൾക്ക് അരഗുളികയും (200 മി. ഗ്രാം ) രണ്ടു മുതൽ മൂന്നു വയസ്സ് വരെയുള്ള കുട്ടികൾക്ക് ഒരു ഗുളികയും (400 മി.ഗ്രാം) ആഹാരം കഴിച്ച ശേഷം തിളപ്പിച്ചാറിയ വെള്ളത്തിൽ അലിയിച്ച് കൊടുക്കണം. മൂന്ന് മുതൽ 19 വരെ പ്രായമുള്ള കുട്ടികൾ ഉച്ചഭക്ഷണത്തിനുശേഷം ഒരു ഗുളിക (400 മി. ഗ്രാം) ചവച്ചരച്ച് കഴിക്കണം.