scc

അരൂർ: അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണ മേഖലയിൽ കാറിനു മുകളിലേക്ക് കോൺക്രീറ്റ് കട്ട വീണ്‌ അപകടം. കാറോടിച്ച യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി 10മണിയോടെ എരമല്ലൂരിൽ വച്ചാണ് സംഭവം. ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ കായംകുളം,ചാരുംമൂട് നീതു നിവാസിൽ നിതിൻകുമാറി​ന്റെ (26) കാറി​നു മുകളി​ലേക്കാണ് കോൺ​ക്രീറ്റ് കട്ട പതി​ച്ചത്. ജോലി സംബന്ധമായി എറണാകുളത്തുപോയശേഷം കായംകുളത്തേക്ക് മടങ്ങുകയായിരുന്നു നി​തി​ൻ.

ഉയരപ്പാതയുടെ താഴേയുള്ള റോഡിലൂടെ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പാലത്തിന് മുകളിൽ ഉപയോഗശേഷം നെറ്റിൽ സൂക്ഷിച്ചിരുന്ന കോണ്‍ക്രീറ്റ് പാളികളിലൊന്ന് താഴേക്ക് വീഴുകയായിരുന്നു. റോഡിലൂടെ പോയ കണ്ടെയ്നർ ലോറിയുടെ മുകൾ ഭാഗം നെറ്റിൽ തട്ടിയതോടെയാണ് അതിലുണ്ടായിരുന്ന കോണ്‍ക്രീറ്റ് കട്ട താഴേക്ക് വീണത്. ഇതിനിടയിലാണ് റോഡിലൂടെ പോവുകയായിരുന്ന ചാരംമൂട് സ്വദേശി നിതിൻ ഓടിച്ച കാറിന് മുകളിലേക്ക് ഇത് വീഴുന്നത്. കാറിന്റെ പിൻഭാഗത്ത് വീണതിനാലാണ് വലിയ അപകടം ഒഴിവായി. കാറിന്റെ പിൻഭാഗം തകർന്നു. ഉയരപ്പാത നിർമ്മാണത്തി​ന്റെ കരാർ ഏറ്റെടുത്തിരിക്കുന്ന കമ്പനി അധികൃതരുമായി ബന്ധപ്പെട്ടത്തിനാൽ നഷ്ടപരിഹാരം നൽകാമെന്ന് അവർ ഉറപ്പ് നൽകിയെന്ന് നിതിൻ പറഞ്ഞു.

അതേസമയം,വലിയ വാഹനങ്ങൾക്ക് നിർമ്മാണം നടക്കുന്ന റോഡിൽ പ്രവേശനം നി​രോധി​ച്ചി​രി​ക്കുകയാണ്. പൊലീസിന്റെ ഉത്തരവാദിത്വക്കുറവുകൊണ്ടാണ് അപകടം ഉണ്ടായതെന്നാണ് കമ്പനി​ അധികൃതരുടെ വാദം.

ഇതി​നെ നിയമപരമായി​ നേരിടുമെന്ന് കാറുടമ പറഞ്ഞു.