മുഹമ്മ: കുറുവ സംഘത്തിന്റെ മറവിൽ സാമൂഹ്യ വിരുദ്ധരും രാത്രിയിൽ ഭീതി പടർത്തുന്നു. കോമളപുരം, തമ്പകച്ചുവട് പ്രദേശങ്ങളിൽ തുടർച്ചയായി കുറുവ സംഘങ്ങൾ നടത്തിയ കവർച്ചയും കവർച്ചാശ്രമങ്ങളും കാരണം നാട് ഭയത്തിലായിരുന്നു. മണ്ണഞ്ചേരി പൊലീസിന് കുറ്റവാളികളെ അറസ്റ്റ് ചെയ്യാനും കുറുവ സംഘത്തെ ക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും കഴിഞ്ഞു. ഇതോടെ ജനങ്ങളുടെ ഭീതി ഒഴിഞ്ഞുവരികയായിരുന്നു. ഇതിനിടെയാണ്
ലഹരിക്ക് അടിമപ്പെട്ടവരും മനോവൈകല്യം ബാധിച്ചവരുമായ ഒരുകൂട്ടം
സാമൂഹ്യ വിരുദ്ധർ രാത്രിയിൽ വടികളുമായി നടന്നും വീടുകളിലെ ജനലുകളിലും വാതിലുകളിലും മുട്ടിവിളിച്ചും ഭീതി സൃഷ്ടിക്കുന്നത്.
കഴിഞ്ഞ 21ന് പകൽ ഒന്നോടെ പൊന്നാട് മനയത്തുശ്ശേരി വാട്ടർ ടാങ്കിന് മുൻ വശത്തെ റോഡിലൂടെ ഒരാൾ വടിയുമായി നടന്നു നീങ്ങുന്നത് സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. അതുവഴിവന്ന ഓട്ടോക്കാരൻ ഇത് കണ്ട് ഭയന്ന് അടുത്ത വീട്ടിലെത്തി വിളിച്ചെങ്കിലും ഭയന്ന് ആരും പുറത്തുവന്നില്ല. കൂടാതെ, അമ്പനാകുളങ്ങര സഫയർ ഹോട്ടലിനു സമീപമുള്ള റോഡിലൂടെയും ഇത്തരത്തിൽ ഒരാൾ നടന്നുപോയി. ഇതെല്ലാം ദൃശ്യങ്ങൾ സാമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. ഇതോടെയാണ് നാട്ടുകാരിൽ ഭീതി പടർന്നത്. തുടർന്ന് സി.സി ടി.വി കേന്ദ്രീകരിച്ച് മണ്ണഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിൽ ലഹരിക്ക് അടിമയായ ചില പ്രദേശവാസികളാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു.