അമ്പലപ്പുഴ: സംഭരിച്ച നെല്ലിന്റെ വില ലഭിക്കാത്തതിനെ തുടർന്ന് കർഷകർ ദുരിതത്തിൽ. രണ്ടാം കൃഷിയുടെ നെല്ലെടുപ്പ് പൂർത്തിയായി രണ്ടു മാസം പിന്നിട്ടപ്പോഴും പുന്നപ്ര തെക്ക് പഞ്ചായത്തിലെ പൂന്തുരം തെക്ക്, പൂന്തുരം വടക്ക്, പൊന്നാകരി, പരപ്പിൽ, പാര്യക്കാടൻ, അമ്പലപ്പുഴ, പുറക്കാട് പഞ്ചായത്തുകളിലെ ഉൾപ്പടെ വിവിധ പാടശേഖരങ്ങളിലെയും കർഷകർക്കാണ് പണം കിട്ടാതെ ദുരിതത്തിലായത്. ഇതുമായി ബന്ധപ്പെട്ട് പുഞ്ച കൃഷിയിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ച കർഷകരെ സംഘടിപ്പിച്ച് കൃഷിഭവനുകൾക്കു മുമ്പിൽ ധർണ നടത്തുമെന്ന് കർഷക സംഘം ഭാരവാഹികൾ പറഞ്ഞു. കൃഷി, സിവിൽ സപ്ലെെസ് വകുപ്പുകളുടെ അലംഭാവമാണ് ഇതിനു പിന്നിൽ. ഇതിനെതിരെ ശക്തമായ പ്രതിഷേധം കർഷ സംഘം സംഘടിപ്പിക്കുമെന്നും കർഷക സംഘം ഏരിയ പ്രസിഡന്റ് അഡ്വ. വി .എസ് .ജിനുരാജും, സെക്രട്ടറി ആർ .രജിമോനും പറഞ്ഞു.