ആലപ്പുഴ: സിറ്റി ഗ്യാസ് പദ്ധതിക്കായി പിച്ചുഅയ്യർ ജംഗ്ഷനിൽ നിന്ന്
ജനറൽ ആശുപത്രി ജംഗ്ഷൻ വരെയും കോൺവെന്റ് സ്‌ക്വയർ വരെയുമുള്ള റോഡുകളുടെയും വശങ്ങൾ കുഴിച്ചിടുകയും ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതോടെ നഗരം ഗതാഗതക്കുരുക്കിലായി. ശവക്കോട്ട പാലത്തിന്റെ വടക്കുഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കോൺവെന്റ് സ്‌ക്വയറിന് വടക്കേ ജംഗ്ഷൻ വഴി പിച്ചുഅയ്യർ ജംഗ്ഷൻ വഴിയാണ് കളർകോട് ദേശീയപാതയിൽ പ്രവേശിക്കുന്നത്. ഈ പ്രധാന റോഡാണ് ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കാനായി പൊളിച്ചിട്ടിരിക്കുന്നത്. ഇത്തരത്തിൽ കുഴിച്ചിട്ട ആറോളം കുഴികൾ ഇനിയും മൂടാതെ കിടപ്പുണ്ട്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഇവിടെ പതിവാണ്.
ജനറൽ ആശുപത്രി, ഇരുമ്പുപാലം, പിച്ചു അയ്യർ ജംഗ്ഷൻ, വൈ.എം.സി.എ, ജില്ലാക്കോടതിപ്പാലം, കല്ലുപാലം എന്നിവിടങ്ങളിലാണ് വാഹനങ്ങൾ ഏറെ കുരുങ്ങിക്കിടക്കുന്നത്. രാവിലെ തുടങ്ങുന്ന കുരുക്ക് കൺട്രോൾ റും മുതൽ തെക്കോട്ട് കൊട്ടാരപ്പാലം വരെ നീളാറുണ്ട്. ജില്ലാക്കോടതി പാലത്തിന്റെ ഇരുവശത്തെ റോഡിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ഇനിയും രൂക്ഷമാകും
1.ദേശീയപാത വിഭാഗം കൊല്ലം ഡിവിഷന്റെ കീഴിലുള്ള ജനറൽ ആശുപത്രി പിച്ചുഅയ്യർ ജംഗ്ഷൻ- കോൺവെന്റ് സ്‌ക്വയർ റോഡിലെ ജോലികൾ പൂർത്തിയാക്കാൻ കരാർ കമ്പനിക്ക് ഒരുമാസത്തെ സമയമാണ് നൽകിയിരുന്നത്. എന്നാൽ, സമയപരിധി കഴിഞ്ഞിട്ടും ജോലി എങ്ങുമെത്തിയില്ല
2.ജില്ലാകോടതിപ്പാലം നവീകരണത്തിന്റെ പൈലിംഗ് ആരംഭിച്ചതോടെ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണവും വാഹനങ്ങൾ തലങ്ങും വിലങ്ങും പാർക്കുചെയ്യുന്നതും ഗതാഗത കുരുക്കിന് ഇടയാക്കുന്നുണ്ട്
3.ജില്ല കോടതിപ്പാലത്തിന്റെ പൈലിംഗുമായി ബന്ധപ്പെട്ട് വൈ.എം.സി.എപാലത്തിനും ജില്ലാ കോടതിപ്പാലത്തിനുമിടയിൽ ഗതാഗതം നിരോധിച്ചതോടെ കുരുക്ക് ഇനിയും രൂക്ഷമാകാനാണ് സാദ്ധ്യത