ആലപ്പുഴ : ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെത്തുടർന്ന് ആലപ്പുഴ ലിയോതേർട്ടീന്ത് എച്ച്.എസ്.എസിലെ 27 വിദ്യാർത്ഥികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സ്‌കൂളിന് ഇന്നലെ അവധി നൽകി.
പ്ലസ് വൺ സയൻസ് ബാച്ച് വിദ്യാർത്ഥികളായ ആസിഫലി (16), മുഹമ്മദ് ആരിഫ് (16), മുഹമ്മദ് മുഹ്സിൻ (16), അഭിനവ് ജോസഫ് (16), ആർ.പി.റിജോ (16), ഷാരോൺ ടി. ജോസ് (16) എന്നിവരടക്കം 12പേർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. ഇതിൽ ശ്വാസംമുട്ടൽ അനുഭവപ്പെട്ട ഷാരോൺ ടി. ജോസിനെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ ചികിത്സനൽകിയ ശേഷം വിട്ടയച്ചു. രോഗബാധിതരായ മറ്റ് വിദ്യാർത്ഥികളെ മെഡിക്കൽ സംഘം സ്‌കൂളിലെത്തി പരിശോധിച്ചശേഷം വീട്ടിലേക്ക് പറഞ്ഞയച്ചു. ഇന്നലെ രാവിലെ 11.30ഓടെ വിദ്യാർത്ഥികളുടെ കൈയിലും കഴുത്തിലും വയറിലുമാണ് ചൊറിച്ചിൽ അനുഭവപ്പെട്ടത്. വിവരമറിഞ്ഞ് മാതാപിതാക്കളും എത്തി.
പ്ലസ് വൺ സയൻസ് ബാച്ചിൽ ക്ലാസ് മുറിയിലാണ് സംഭവങ്ങൾക്ക് തുടക്കം.
അഭിനന്ദ് (16), സനൂപ് (16), സ്റ്റീവ് (16) എന്നിവർക്കാണ് ആദ്യം ചൊറിച്ചിലും ബുദ്ധിമുട്ടും നേരിട്ടത്. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. തുടർന്ന് സ്‌കൂൾ അധികൃതർ ആരോഗ്യവിഭാഗത്തെ വിവരമറിയിച്ചു. ആരോഗ്യവിഭാഗം സ്‌കൂളിലെത്തി ക്ലാസ് മുറികൾ അണുവിമുതമാക്കി മടങ്ങിയതിന് പിന്നാലെയാണ് വീണ്ടും ചൊറിച്ചിൽ വില്ലനായത്. നനഞ്ഞിരുന്ന ക്ലാസ് മുറിയിൽ ബാഗുവെച്ച് പുറത്തിറങ്ങിയ കുട്ടികൾക്കാണ് ആദ്യം അസ്വസ്ഥത അനുഭവപ്പെട്ടത്. പിന്നീട് ഹയർസെക്കൻഡറി ബ്ലോക്കിലെ മറ്റ് കുട്ടികളിലേക്ക് ചൊറിച്ചിൽ പടർന്നതോടെ സ്‌കൂളിന് അവധിനൽകി. ഡി.എം.ഒ ഓഫീസിലെ മെഡിക്കൽ സംഘം സ്‌കൂളിലെത്തി ചൊറിച്ചിൽ നേരിട്ട വിദ്യാർത്ഥികളെ വിശദമായി പരിശോധിച്ചു. കൂട്ടത്തോടെ ചൊറിച്ചിൽ അനുഭവപ്പെട്ട ക്ലാസ് മുറിയിൽ പ്രാണികളുടെ ആക്രമാണണോയെന്ന് സംശയമുണ്ടെന്ന് പ്രിൻസിപ്പൽ പി.ജെ.യേശുദാസ് പറഞ്ഞു. സ്ഥിതി നിയന്ത്രണവിധേയമായെങ്കിലും ഇന്ന് പ്ലസ് വൺ സയൻസ് ബാച്ചിന് അവധിനൽകുന്ന കാര്യം പരിഗണനയിലുണ്ട്. സംസ്ഥാന സ്‌കുൾ ശാസ്ത്രോത്സവത്തിന്റെ പ്രധാനവേദികളിലൊന്നായിരുന്ന ലിയേതേർട്ടീന്ത് സ്‌കൂളിലെ ക്ലാസ് മുറിയിൽ ടീച്ചിംഗ് എയ്ഡുമായി ബന്ധപ്പെട്ട പ്രവൃത്തികളാണ് നടന്നത്. ഇതിനൊപ്പം ശാസ്ത്രപരീക്ഷണങ്ങൾക്ക് ഉപയോഗിച്ച രാസവസ്തുക്കളാണോ വില്ലനായതെന്ന് സംശയമുണ്ട്.
രാവസവസ്തുക്കളിൽ നിന്നുള്ള അലർജി: ഡി.എം.ഒ
ശാത്രമേളക്ക് ഉപയോഗിച്ച രാവസവസ്തുക്കളിൽ നിന്നുള്ള അലർജിയാണ് കുട്ടികളിൽ ചൊറിച്ചിലിനും ദേഹാസ്വാസ്ഥ്യത്തിനും കാരണമായതെന്നാണ് പ്രാഥമിക നിഗമനമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ സംഘം വിദ്യാർത്ഥികളെ പരിശോധിച്ചു. ആരുടെയും രോഗലക്ഷണം ഗുരുതരമല്ല. സ്കൂളിലെ പ്രത്യേക ഏരിയയിൽ മാത്രമാണ് രോഗം കണ്ടെത്തിയത്. സ്കൂളും ക്ളാസ് മുറികളും അണുവിമുക്തമാക്കാൻ ജില്ലാ ഫയർഫോഴ്സ് അധികാരികൾക്ക് നിർദ്ദേശം നൽകിയതായി ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.