ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തും
ആലപ്പുഴ: ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് പരിസരത്തെ അനാശാസ്യ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ കളക്ടർ അലക്സ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം തീരുമാനിച്ചു. ബസ് സ്റ്റാൻഡിൽ രാത്രി സാമൂഹ്യവിരുദ്ധരുടെ ശല്യം വർദ്ധിച്ചെന്ന നിരന്തര പരാതിയെ തുടർന്നാണ് ഉന്നതതല യോഗം വിളിച്ചത്.
ബസ് സ്റ്റാൻഡിൽ രാത്രികാലങ്ങളിൽ പൊലീസ്,എക്സൈസ് വിഭാഗത്തിന്റെ പട്രോളിംഗ് ശക്തമാക്കും. പൊലീസ്,നഗരസഭാധികൃതർ,എക്സൈസ്, ശിക്കാര വള്ളത്തിന്റെ പ്രതിനിധികൾ,റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിവ ചേർന്ന് സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തും. നഗരസഭാ ദ്ധ്യക്ഷ കെ.കെ.ജയമ്മയും യോഗത്തിൽ പങ്കെടുത്തു. ബസ് സ്റ്റാൻഡിലെ വെളിച്ചക്കുറവ് പരിഹരിക്കുന്നതിന് നഗരസഭ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുമെന്ന് നഗരസഭാദ്ധ്യക്ഷ പറഞ്ഞു. ബസ് സ്റ്റാന്റിലും സമീപത്തും നിരീക്ഷണം ശക്തമാക്കണമെന്ന് പൊലീസിനോട് യോഗം നിർദ്ദേശിച്ചു. ബസ് സ്റ്റാൻഡിന് സമീപത്ത് 10 സി.സി ടി.വി ക്യാമറകൾ സ്ഥാപിക്കും. കെയർ ഫോർ ആലപ്പി എന്ന സംഘടന ഇത് സ്പോൺസർ ചെയ്യും.