ambala

അമ്പലപ്പുഴ : കരുമാടി സർവീസ് സഹകരണ സംഘത്തിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് അമ്പലപ്പുഴ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. അനേകം സഹകാരികളുടെ പണം ഭരണസമിതിയും ചില ഉദ്യോഗസ്ഥരും ചേർന്ന് കൊള്ളയടിച്ചത് സഹകരണ മേഖലയിലെ ഉന്നതരുടെ അറിവോടെയാണെന്നും കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ടി.എ.ഹാമിദ് ആരോപിച്ചു.

ബാങ്കിലെ മുൻ ജീവനക്കാരി റിട്ടയർമെന്റ് അനുകൂല്യത്തിനായി റോഡരുകിൽ സത്യാഗ്രഹമിരിക്കുകയും കേസുകൊടുക്കേണ്ടി വന്നിട്ടും ഉദ്യോഗസ്ഥർ നിസംഗത തുടരുന്നത് ഗുരുതരമായ വീഴ്ചയാണ്. സഹകരണ മേഖലയിൽ വിശ്വാസമർപ്പിച്ച സഹകാരികളെയും പൊതുജങ്ങളെയും വഞ്ചിച്ച ഇടതുപക്ഷ ഭരണസമിതി പിരിച്ചുവിട്ട് വിജിലൻസ് അന്വേഷണം നടത്തണമെന്നും സമരം ചെയ്യുന്ന മുൻ ജീവനക്കാരിയുടെ ആനുകൂല്യങ്ങൾ അടിയന്തരമായി കൊടുത്തുതീർക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരുമാടി സർവീസ് സഹകരണ ബാങ്കിന് മുന്നിൽ മുൻ ജീവനക്കാരി തുളസി നടത്തുന്ന സമരത്തിൽ ബ്ലോക്ക്‌ പ്രസിഡന്റ്‌ ടി.എ ഹാമിദ്,എ. ആർ.കണ്ണൻ, ആർ. ശ്രീകുമാർ,എം.സോമൻപിള്ള തുടങ്ങിയ കോൺഗ്രസ്‌ നേതാക്കൾ സംബന്ധിക്കുകയും ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു.