ആലപ്പുഴ : ഇൻഷ്വറൻസ് പ്രീമിയം അടയ്ക്കാത്തതിനെത്തുടർന്ന് സംസ്ഥാനത്തെ ഫയർസ്റ്റേഷനുകളിലെ 'ജലരക്ഷക് ' ബോട്ടുകൾ കടവിൽ കെട്ടി.

ഏഴ് തെക്കൻ ജില്ലകൾക്കായുള്ള 14 ബോട്ടുകളുടെ പ്രീമിയം കാലാവധി കഴിഞ്ഞ 15ന് അർദ്ധരാത്രിയാണ് അവസാനിച്ചത്. തുറമുഖ വകുപ്പിന്റെ ഇൻലാൻഡ് വെസൽ നിയമം വന്നതോടെ ഓരോ ബോട്ടിനും നാലു കോടി രൂപയുടെ ഇൻഷ്വുറൻസ് നിർബന്ധമാക്കിയിരുന്നു. ഇതനുസരിച്ച് 46,000രൂപയാണ് ഓരോ ബോട്ടിനും വാർഷിക പ്രീമിയം. ഈ തുക ലഭിക്കാൻ ഫയർഫോഴ്സ് ഡയറക്ടർക്ക് കത്തെഴുതി കാത്തിരിക്കുകയാണ് ഫയർ ഓഫീസർമാർ. ഇതിന് പുറമേ ബോട്ട് കരയിൽ കയറ്റി അറ്റകുറ്റപ്പണി നടത്തി ഫിറ്റ്നസ് ഉറപ്പാക്കാനുള്ള 5,000രൂപയും കണ്ടെത്തണം. പ്രീമിയം പുതുക്കാതെ സഞ്ചരിച്ചാൽ ജീവനക്കാർ പിഴ അടയ്ക്കേണ്ടിവരും. 2010ൽ കനാൽ നിയമം ഭേദഗതി ചെയ്ത് കേരള ഇൻലാൻഡ് വെസൽ നിയമം നിലവിൽ വന്നു. ഭേദഗതിക്ക് മുമ്പ് 4000 രൂപയായിരുന്ന ഇൻഷ്വറൻസ് പ്രീമിയമാണ് 46,000 രൂപയായി ഉയർന്നത്.

കടവിൽ കെട്ടിയത് 14 ബോട്ടുകൾ

 വെള്ളപ്പൊക്കവും ജലാശയങ്ങളിലെ അപകടങ്ങളും പതിവായ ജില്ലകളിലെ ഫയർ സ്റ്റേഷനുകളിലേക്കാണ് രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ 'ജലരക്ഷക്' ബോട്ടുകൾ അനുവദിച്ചത്

14 ബോട്ടുകളുടെ ഫ്‌ളാഗ് ഓഫ് 2021നവംബർ 19ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഓൺലൈനായി നിർവഹിച്ചത്. ആലപ്പുഴ ജില്ലയ്ക്ക് നാല് ബോട്ടുകൾ ലഭിച്ചു.

പത്ത് ബോട്ടുകൾ തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കായലോര ഫയർ സ്റ്റേഷനുകൾക്ക് കൈമാറി

പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവർത്തനം നടത്താമെന്നതാണ് ജലരക്ഷക് ബോട്ടുകളുടെ പ്രത്യേകത

ജലരക്ഷക്

 ഒന്നിന് 9 ലക്ഷം രൂപ വില

 8പേർക്ക് സഞ്ചരിക്കാം

 40കുതിര ശക്തി

 1.5ടൺ ഭാരം കയറ്റാം