
കായംകുളം : ഉദ്ഘാടനം കഴിഞ്ഞ് നാലുവർഷം കഴിഞ്ഞിട്ടും തുറന്നുകൊടുക്കാതെ കായംകുളം താലൂക്ക് ആശുപത്രിയിലെ മെറ്റേണിറ്റി ബ്ലോക്ക്. സ്ത്രീകൾക്കും കുട്ടികൾക്കുമായി 3 കോടി 19 ലക്ഷം രൂപ ചിലവഴിച്ച് ആധുനിക രീതിയിൽ നിർമ്മിച്ചതാണ് കെട്ടിടം. ഇതേപോലെ തന്നെ, ഒരുകോടിയോളം രൂപ മുടക്കിയ ഐ.സി.യു വാർഡും നിർമ്മാണം പൂർത്തീകരിച്ചിട്ട് രണ്ട് വർഷത്തോളമായിട്ടും തുറക്കുകൊടുക്കാനായിട്ടില്ല.
ദേശീയ ആരോഗ്യദൗത്യം (എൻ.എച്ച്.എം.) പദ്ധതി പ്രകാരം 2018-2019 ലാണ് മെറ്റേണിറ്റി ബ്ലോക്ക് നിർമ്മിച്ചത്. 2021 ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടനം നടത്തി. ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരുമില്ലാത്തതാണ് പ്രവർത്തനം തുടങ്ങാൻ തടസമെന്നാണ് സൂചന. പ്രസവവാർഡ്, മോഡുലാർ ഓപ്പേറേഷൻ തിയറ്റർ, കുട്ടികളുടെ ഐ.സി.യു., ലേബർ റും, ജീവനക്കാർക്കുള്ള മുറി, കാത്തിരിപ്പ് കേന്ദ്രം എന്നിവയടക്കം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
തടസങ്ങളെല്ലാം പരിഹരിച്ചു
അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലാണ് മെറ്റേണിറ്റി ബ്ലോക്ക്
ഇവിടേക്ക് രോഗികളെ കൊണ്ടുപോകുന്നതിന് ലിഫ്റ്റിന്റെ നിർമ്മാണവും നടത്തി
പണിപൂർത്തിയായപ്പോൾ വൈദ്യുതി ലഭ്യമാക്കാൻ എച്ച്.ടി കണക്ഷൻ ആവശ്യമായി വന്നു
ഇതോടെ ബ്ലോക്കിന്റെ പ്രവർത്തനം തുടങ്ങുന്നത് പ്രതിസന്ധിയിലായി
നഗരസഭ പണം അടച്ച് ആശുപത്രി ആവശ്യങ്ങൾക്ക് ട്രാൻസ്‌ഫോർമർ സ്ഥാപിച്ചു
എല്ലാവിഷയങ്ങളും പരിഹരിച്ച് ബ്ലോക്ക് പ്രവർത്തന സജ്ജമായിട്ട് നാല് മാസത്തോളമായി
മെറ്റേണിറ്റി ബ്ലോക്കിലേക്ക് വേണ്ട ജീവനക്കാർ
മെഡിക്കൽ ഓഫീസർമാർ : 4
സ്റ്റാഫ് നഴ്സുമാർ : 12
നഴ്സിംഗ് അസിസ്റ്റന്റുമാർ : 8
അനുബന്ധ ജീവനക്കാർ : 8
അധികൃതരുടെ അനാസ്ഥമൂലം കോടികൾ ചിലവഴിച്ച കെട്ടിടം വെറുതേ കിടന്ന് നശിക്കുകയാണ്
- രോഗികൾ