
ആലപ്പുഴ : സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ ചെമ്പുംപുറം സാമൂഹ്യാരോഗ്യകേന്ദ്രത്തിലേക്ക് എത്താൻ നല്ല പാലമോ വഴിയോ ഇല്ലാത്തത് ജനങ്ങൾക്ക് ദുരിതമാകുന്നു. നെടുമുടി പഞ്ചായത്തിലെ ജനങ്ങളുടെ ഏകആശ്രയമാണ് ഈ ആതുരാലയം. പ്രതിദിനം 200ലധികം രോഗികൾ ഇവിടെ ചികിത്സക്കായി എത്തുന്നുണ്ട്. 7, 13 വാർഡുകളെ ബന്ധിപ്പിക്കുന്ന ചെമ്പുംപുറം തോടിന് കുറുകെയുള്ള തടിപ്പാലം കടന്നാലേ സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ എത്താൻ കഴിയുകയുള്ളൂ. അപകടാവസ്ഥയിലുള്ള പാലത്തിലൂടെ സഞ്ചരിക്കണമെങ്കിൽ അഭ്യാസം പഠിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
വള്ളിക്കാടും പോളയും നിറഞ്ഞ അവസ്ഥയിലാണ് ചെമ്പുംപുറം തോട്. നടന്നെത്താൻ കഴിയാത്ത രോഗികളെ കസേരയിലിരുത്തി ഈ പാലത്തിലൂടെ വേണം തോട് മറികടന്ന് ആശുപത്രിയിലെത്തിക്കാൻ. ആശുപത്രിയിലേക്ക് എത്തിച്ചേരാൻ കോൺക്രീറ്റ് പാലം വേണമെന്നത് പ്രദേശവാസികളുടെ ദീർഘകാലാവശ്യമാണ്.
പാലം അപകടാവസ്ഥയിൽ
1. മറുകര കടക്കാൻ ആശ്രയിക്കുന്ന തടിപ്പാലം കാലപ്പഴക്കത്താൽ തകർന്നു വീഴാറായ നിലയിലാണ്
2. പുല്ലുവളർന്നു പൊങ്ങിയ തോടിനുകുറുകെയുള്ള പാലത്തിലൂടെ ഏറെപണിപ്പെട്ടാണ് മറുകരയെത്തുന്നത്
3. മുളംകമ്പുകളും കയറുകളുമുപയോഗിച്ചുള്ള കൈവരികൾ പൊട്ടിയാൽ തോട്ടിൽ വീണതു തന്നെ
4. രോഗികളെ സമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിയാതെ മരണംവരെ സംഭവിച്ചിട്ടുണ്ട്
5. തോടിന്റെഇരുവശവും ഇടുങ്ങിയ റോഡുണ്ടെങ്കിലും വെളിച്ചമില്ലാത്തത് രാത്രിയാത്രക്ക് തടസം
നെടുമുടി പഞ്ചായത്തിലെ ജനങ്ങളുടെ ഏകആശ്രയമായ ചെമ്പുംപുറം ആശുപത്രിയിൽ എത്തിച്ചേരാൻ ചെമ്പുംപുറം തോടിന് കുറുകെ കോൺക്രീറ്റ് പാലം നിർമ്മിച്ച് സഞ്ചാര യോഗ്യമാക്കണം.
- ചാക്കോ, പ്രദേശവാസി