ambala

അമ്പലപ്പുഴ : ഗവ. ദന്തൽ കോളേജിന്റെ കെട്ടിടം നിർമ്മാണം പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് ദേശീയപാതയോരത്ത് പ്രതീകാത്മക ക്ലാസ് നടത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികൾ. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ കോളേജിൽ നിന്നും ജാഥയായെത്തിയാണ് വണ്ടാനം ദേശീയ പാതയോരത്ത് സമരം നടത്തിയത്

കോളേജ് കെട്ടിടത്തിന്റെ നിർമ്മാണം മുടങ്ങിയിട്ട് രണ്ട് വർഷമായി. 90 ശതമാനം നിർമ്മാണം പൂർത്തീകരിച്ചെങ്കിലും കുടിശിക വന്നതോടെ കരാറുകാരൻ ജോലികൾ നിർത്തിവെക്കുകയായിരുന്നു. കെട്ടിട നിർമ്മാണം പൂർത്തിയായില്ലെങ്കിൽ കോളേജിൻ്റെ അംഗീകാരം റദ്ദു ചെയ്യുമെന്ന് കേന്ദ ആരോഗ്യ വിഭാഗം കോളേജ് അധികൃതരെ അറിയിച്ചിരുന്നു. അടുത്ത വർഷത്തെ അഡ്മിഷൻ എടുക്കരുതെന്നും കത്തിൽ പറഞ്ഞിരുന്നു. ആലപ്പുഴ ഗവ.ദന്തൽ കോളേജിന്റെ അംഗീകാരം ഇന്ത്യൻ ഡെന്റൽ കൗൺസിലും താൽക്കാലികമായി റദ്ദാക്കി. കെട്ടിടം പണി പൂർത്തീകരിക്കാത്തതും, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതുമാണ് അംഗീകാരം റദ്ദാക്കാൻ കാരണമായി കൗൺസിൽ ചൂണ്ടിക്കാണിച്ചത്.

മുമ്പും രണ്ട് തവണ അംഗീകാരം പോയി

 2018 ലും 2021ലും കോളേജിന്റെ അഗീകാരം ഇന്ത്യൻ ഡെന്റൽ കൗൺസിൽ റദ്ദാക്കിയിരുന്നു

 2015ൽ 50 സീറ്റുമായി പ്രവർത്തനം തുടങ്ങിയതാണ് ഗവ.ദന്തൽ കോളേജ്

 2018ലാണ് കോളേജിന് വേണ്ടി കെട്ടിട നിർമ്മാണം ആരംഭിച്ചത്

 പാരാമെഡിക്കൽ ഇൻസ്റ്റിട്യൂട്ടിലാണ് ഇപ്പോൾ കോളേജിന്റെ പ്രവർത്തനം

 ദിനംപ്രതി 800 രോഗികൾ ചികിത്സക്കായി ഇവിടെ എത്തുന്നുണ്ട്

 കോടികൾ മുടക്കി വാങ്ങിയ ഉപകരണങ്ങൾ പലസ്ഥലത്തായി കൂട്ടിയിട്ടിരിക്കുകയാണ്

കെട്ടിട നിർമ്മാണം ഉടൻ പൂർത്തീകരിച്ചില്ലെങ്കിൽ ശക്തമായ തുടർസമരങ്ങൾ നടത്തും

- വിദ്യാർത്ഥികൾ