ആലപ്പുഴ : കാത്തിരുന്നു കിട്ടിയ കുഞ്ഞാങ്ങളയെ വാരിപ്പുണർന്ന് കൊഞ്ചിക്കാനായി കാത്തിരിക്കുകയാണ് പതിനൊന്നും ഒമ്പതും വയസ്സുള്ള ചേച്ചിമാർ. പക്ഷേ ഒന്നുമറിയാതെ, കണ്ണുകൾ പോലും തുറക്കാനാവാതെ മയങ്ങുകയാണ് ഇരുപത് ദിവസം പ്രായമുള്ള ആൺകുഞ്ഞ്. അവന് കണ്ണുതുറക്കാനാവില്ല. വായ തുറന്ന് മുലപ്പാൽ വലിച്ച് കുടിക്കാനാവില്ല, മലർന്ന് കിടക്കാനാവില്ല, ജനനേന്ദ്രിയം പൂർണമല്ല, ഉറക്കെ കരയാൻ പോലുമാവില്ല. ഗർഭകാലത്തെ പരിശോധനകളിൽ അംഗവൈകല്യങ്ങൾ കണ്ടെത്താതിരുന്നതോടെ, അസാധാരണമായ വൈകല്യങ്ങളുമായി ജനിച്ചതാണ് ആലപ്പുഴ ലജ്നത്ത് വാർഡ് സ്വദേശികളായ ദമ്പതികളുടെ ഈ കുഞ്ഞ്.

യുവതിയുടെ ആദ്യരണ്ട് പ്രസവങ്ങളും കടപ്പുറം വനിതാശിശു ആശുപത്രിയിലായിരുന്നു. മൂന്നാം പ്രസവത്തിനും ഇതേ ആശുപത്രി തിരഞ്ഞെടുത്തു. ആദ്യമാസങ്ങളിൽ ഇവിടുത്തെ ഡോക്ടറെ വീട്ടിൽ പോയാണ് കണ്ടിരുന്നത്. ധൃതിയിൽ പരിശോധന പൂർത്തിയാക്കുന്ന ഡോക്ടറുടെ സമീപനം ഇഷ്ടപ്പെടാതെ മറ്റൊരു ഡോക്ടറെ പിന്നീട് സമീപിച്ചു. ഇരുഡോക്ടർമാരും നിരവധിത്തവണ സ്കാനിങ്ങിന് അയച്ചു. കുഞ്ഞ് ആരോഗ്യവാനാണെന്നായിരുന്നു റിപ്പോർട്ടുകളിൽ. ഹൃദയമിടിപ്പ് കുറഞ്ഞതോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയ യുവതിയെ പരിശോധിച്ച ഡോക്ടർമാർ, കുഞ്ഞിന് വൈകല്യങ്ങളുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണെന്ന് സൂചന നൽകിയിരുന്നു.

നെഞ്ച് നീറിയാണ് അത് കേട്ടത്

ശസ്ത്രക്രിയ ചെയ്ത് കുഞ്ഞിനെ പുറത്തെടുത്ത ഡോക്ടർമാരുടെ സംഭാഷണം കുഞ്ഞിന് കാര്യമായ തകരാറുണ്ടെന്ന സൂചന അമ്മയ്ക്ക് നൽകി. ഇന്നോനാളെയോ കുഞ്ഞിന്റെ ജീവൻ നിലയ്ക്കുമെന്നായിരുന്നു സംഭാഷണത്തിന്റെ സാരം. എൻ.ഐ.സി.യുവിലേക്ക് മാറ്റിയ കുഞ്ഞിനെ മൂന്നാം ദിവസമാണ് മാതാപിതാക്കൾ കണ്ടത്. തുടർ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളിലേക്ക് പോകുവാൻ ടാക്സി ഓടി കുടുംബം പുലർത്തുന്ന പിതാവിന് സാമ്പത്തിക ഭദ്രതയില്ല. ഹൃദയ ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് പോകാനുള്ള തയാറെടുപ്പിലാണ് കുടുംബം. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ട്യൂബിട്ട് രണ്ട് മണിക്കൂർ ഇടവേളയിൽ 32 മില്ലി മുലപ്പാൽ നൽകിയാണ് കുഞ്ഞിന്റെ ജീവൻ നിലനിർത്തുന്നത്. ഓരോ ആഴ്ചയും ട്യൂബ് മാറാൻ ആശുപത്രിയിലെത്തണം.

മെഡിക്കൽ ബോർഡ് രൂപീകരിക്കും

ചികിത്സാ പിഴവ് സംബന്ധിച്ച് അന്വേഷിക്കുന്നതിനായി ആരോഗ്യവകുപ്പിലെ വിദഗ്ദ്ധരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കും. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പൊലീസിന്റെ തുടർനടപടി. ഡി.എം.ഒ ഓഫീസ് യുവതിയുടെ സ്കാനിംഗ് റിപ്പോർട്ടുകൾ ശേഖരിച്ചിട്ടുണ്ട്. ആലപ്പുഴ ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ സൗത്ത് പൊലീസിനാണ് അന്വേഷണ ചുമതല.

ഡോക്ടർമാർക്കെതിരെ കേസ്

ഗർഭകാലയളവിൽ നിരവധി തവണ സ്കാനിംഗ് നടത്തിയിട്ടും ഗർഭസ്ഥശിശുവിന്റെ അസാധാരണ വൈകല്യം കണ്ടെത്തിയില്ലെന്ന പരാതിയിൽ കടപ്പുറം വനിതാശിശു ആശുപത്രിയിലെ ഡോ. പുഷ്പ, ഡോ. ഷേർളി, നഗരത്തിലെ രണ്ട് സ്വകാര്യ ലബോറട്ടറികളിലെ ഡോക്ടർമാർ എന്നിവർക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിരുന്നു.

കുഞ്ഞിനെ മലർത്തി കിടത്തിയാൽ അണുബാധയുണ്ടാകുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. കമഴ്ത്തി, മുഖം ചെരിച്ചാണ് കിടത്തുന്നത്. ഇടയ്ക്ക് നേരിയ ശബ്ദത്തിൽ കരയും

- കുഞ്ഞിന്റെ അമ്മ