ആലപ്പുഴ: നഗരസഭ പരിധിയിൽ റോഡരികിൽ അനധികൃതമായി വൃത്തിഹീനമായ സാഹചര്യത്തിൽ ബിരിയാണി കച്ചവടം നടത്തിയത് നഗരസഭ തടഞ്ഞു. ആരോഗ്യ വിഭാഗം ബിരിയാണി പിടിച്ചെടുത്ത് നശിപ്പിച്ചു. നിരോധിത പ്ലാസ്റ്റിക് കവറുകളിലാണ് ചൂടുള്ള ബിരിയാണി പായ്ക് ചെയ്ത് വിറ്റഴിച്ചിരുന്നത്. ആരോഗ്യ വിഭാഗം നോഡൽ ഓഫീസർ സി.ജയകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ ബി.ഷാംകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണം പിടിച്ചെടുത്തത്. ഇത്തരത്തിൽ കച്ചവടം ചെയ്യുന്നത് പൂർണമായും ഒഴിവാക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ, ആരോഗ്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്‌സൺ എ.എസ്.കവിത എന്നിവർ അറിയിച്ചു.