മാവേലിക്കര: ഡിസംബർ 5, 6 തീയതികളിൽ ചെട്ടികുളങ്ങരയിൽ നടക്കുന്ന സി.പി.എം മാവേലിക്കര ഏരിയ സമ്മേളനത്തിന് മുന്നോടിയായുള്ള സെമിനാറുകൾ തുടങ്ങി. കേരളത്തിന്റെ വിദ്യാഭ്യാസ മേഖല, ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ കരിപ്പുഴ ഗ്രേസ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ എസ്.എഫ്.ഐ അഖിലേന്ത്യാ ജോ.സെക്രട്ടറി ഡോ.നിധീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി ജി.അജയകുമാർ അദ്ധ്യക്ഷനായി. കോശി അലക്സ്, ലീല അഭിലാഷ്, എ.എം ഹാഷിർ, ആർ.ഹരിദാസൻ നായർ, കെ.ശ്രീപ്രകാശ്, എൻ.ഇന്ദിരാദാസ് എന്നിവർ സംസാരിച്ചു. വിജയൻപിള്ള സ്വാഗതം പറഞ്ഞു.
വികസന സമ്പദ് വ്യവസ്ഥ എന്ന വിഷയത്തിൽ ഇന്ന് വൈകിട്ട് 3ന് പൈനുംമൂട്ടിൽ നടക്കുന്ന സെമിനാർ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം പുത്തലത്ത് ദിനേശനും നവോത്ഥാനവും നവകേരളവും എന്ന വിഷയത്തിൽ വൈകിട്ട് 4.30ന് ചെട്ടികുളങ്ങര വ്യാപാര ഭവനിൽ നടക്കുന്ന സെമിനാർ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ ഗോപനും പെൺ പെരുമയുടെ നാൾവഴികളും വെല്ലുവിളികളും എന്ന വിഷയത്തിൽ വൈകിട്ട് 3ന് ഭരണിക്കാവ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന സെമിനാർ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടിയും ഉദ്ഘാടനം ചെയ്യും.