
ആലപ്പുഴ : അപൂർവ ചാരിറ്റബിൾ സൊസൈറ്റി ഒരുക്കിയ 'അപൂർവ മാംഗല്യം' പദ്ധതിയിലൂടെ തിരുവനന്തപുരം സ്വദേശികളായ ശരണ്യ ജോസും, മിഥിനും വിവാഹിതരായി. ആലപ്പുഴയിലെ വനിതകൾ ചേർന്ന് രൂപീകരിച്ച അപൂർവ്വ ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന മൂന്നാമത്തെ വിവാഹമാണ് ഇന്നലെ ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ നടന്നത്.
തിരുവനന്തപുരം പുതുക്കുറിച്ചി ശാന്തിപുരം ശരണ്യഹൗസിൽ ജോസിന്റെയും ലീജയുടെയും ഇളയ മകൾ ശരണ്യയും, തിരുവിളകം തെരുവിൽ രഞ്ജിത്തിന്റെയും ശാന്തിയുടെയും മകൻ മിഥുനും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇരുവരും ബന്ധുക്കൾ കൂടിയാണ്. മിഥുൻ മത്സ്യത്തൊഴിലാളിയാണ്. സുമനസ്സുകളുടെ സഹായത്തോടെ ഏഴ് പവൻ സ്വർണ്ണാഭരണങ്ങളും, വസ്ത്രങ്ങളും സമ്മാനിച്ചതിനൊപ്പം ഭക്ഷണമടക്കം കല്യാണച്ചെലവ് പൂർണമായി വഹിച്ചത് അപൂർവ ചാരിറ്റബിൾ സൊസൈറ്റിയാണ്. മുൻ എം.പി എ.എം.ആരിഫ് ചടങ്ങിൽ മുഖ്യാതിഥിയായി. സാമൂഹിക സാംസ്ക്കാരിക രംഗത്തെ നിരവധിപ്പേർ പങ്കെടുത്തു. രക്ഷാധികാരി ഡോ.മരിയ ഉമ്മൻ, കമാൽ.എം.മാക്കിയിൽ, പ്രസിഡന്റ് ഡോ എ.ഷമീന, സെക്രട്ടറി ഹസീന നൗഷാദ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
നിർദ്ധനരായ യുവതികളുടെ വിവാഹത്തിനായി ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ചാണ് അർഹരെ അപൂർവ്വ ചാരിറ്റബിൾ സൊസൈറ്റി തീരുമാനിക്കുക. പെൺകുട്ടിയുടെ കുടുംബമാണ് വരനെ കണ്ടെത്തുന്നത്.