ആലപ്പുഴ : മുല്ലയ്ക്കൽ - കിടങ്ങാംപറമ്പ് ക്ഷേത്രങ്ങളിലെ ചിറപ്പ് മഹോത്സവത്തിന് രണ്ടാഴ്ചമാത്രം ശേഷിക്കേ കച്ചവടം ലക്ഷ്യമിട്ട് അന്യസംസ്ഥാന കച്ചവടക്കാർ നഗരത്തിലെത്തി തുടങ്ങി. ചിറപ്പിനോടനുബന്ധിച്ച് റോഡ് പുറമ്പോക്കുകളിൽ താൽക്കാലിക ഷെഡ്ഡ് നിർമ്മിച്ച് കച്ചവടം ചെയ്യുന്നതിന് നഗരസഭയുടെ ലേല വ്യവസ്ഥകൾക്കും, ലേലം/ ക്വട്ടേഷൻ നടത്തിപ്പിനും കൗൺസിൽ അംഗീകാരം നൽകി.
താൽകാലിക ഷെഡ്ഡുകൾ ഡിസംബർ 31നുശേഷം പ്രവർത്തിക്കുകയാണങ്കിൽ നഗരസഭാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊളിച്ചു നീക്കുകയും കടക്കാരിൽ നിന്ന് ചെലവ് തുക ഈടാക്കുകയും ചെയ്യും. നിലവിൽ വ്യാപാര സ്ഥാപനമുള്ളവർക്ക് അവരുടെ കടയുടെ മുൻവശം ആവശ്യപ്പെടുന്നപക്ഷം, മതിയായ കരാർ ഹാജരാക്കുന്ന മുറയ്ക്ക് ലഭിക്കും. ഈ സ്ഥലങ്ങളിൽ കടയുടെ ലൈസൻസ് പ്രകാരമുള്ള സാധനങ്ങൾ മാത്രം പ്രദർശിപ്പിക്കുന്നതിനും, കച്ചവടം ചെയ്യുന്നതിനും അനുവാദം നൽകും. സ്ഥലം കൈമാറ്റം ചെയ്യപ്പെട്ടതായി ബോദ്ധ്യപ്പെട്ടാൽ അവകാശം റദ്ദ് ചെയ്ത്, മറ്റ് അപേക്ഷകൾക്ക് അനുമതി നൽകും. ലേല ഫോം പൂരിപ്പിച്ചത്, ആധാർ കാർഡ് പകർപ്പ്, തിരിച്ചറിയൽ കാർഡ്, 25000 രൂപയുടെ ഡി.ഡിയോ തുല്ല്യ തുക ട്രഷറിയിൽ ഒടുക്കിയ രസീതോ ഉള്ളവരെ ഉൾപ്പെടുത്തിയാണ് ലേലനടപടികൾ ആരംഭിച്ചത്. തുടർലേലമുണ്ടാകും.
നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ എം.ആർ.പ്രേം, എം.ജി.സതീദേവി, എ.എസ്.കവിത, ആർ.വിനിത, നസീർ പുന്നക്കൽ, ഡപ്യൂട്ടി സെക്രട്ടറി സുരേഷ്, റവന്യൂ ഓഫീസർ പ്രദീപ്, ഹെൽത്ത് ഓഫീസർ ഇൻ ചാർജ്ജ് മനോജ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
141 പ്ലോട്ടുകൾ
നഗരസഭയും പൊതുമരാമത്ത് വിഭാഗവും സംയുക്തമായി അടയാളപ്പെടുത്തിയ 141 പ്ലോട്ടുകളിലാണ് ലേലം നടത്തിയത്. 39 പ്ലോട്ടുകൾ 23,39,100 രൂപക്ക് ലേലം ചെയ്തു.
ലേലം കൊണ്ടവർ നഗരസഭയുടെ
താത്കാലിക ലൈസൻസെടുക്കണം
 വ്യാപാരസ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങൾ അതത് ദിവസംനീക്കം ചെയ്യുന്നതിന് സാനിട്ടേഷൻ ഫീസ് ഈടാക്കും
 റോഡ് പുറമ്പോക്കുകൾ ലേലം കൊണ്ടവർ നഗരസഭ അനുവദിക്കുന്ന കച്ചവടം മാത്രം ചെയ്യണം
 അല്ലാത്തപക്ഷം കച്ചവട അവകാശം റദ്ദ് ചെയ്ത് സാധന സാമഗ്രികൾ കണ്ടുകെട്ടും
 ഒരാൾക്ക് മൂന്ന് സ്ഥലങ്ങളിൽ കൂടുതൽ അനുവദിക്കില്ല
ലേലം കൊണ്ടവർ സ്ഥലങ്ങൾ കീഴ്വാടകയ്ക്ക് നൽകുവാൻ പാടില്ല
 ലേലം കൈകൊണ്ടവർ മുൻകൂട്ടി നഗരസഭയിൽ നിന്നുംതാൽക്കാലിക ലൈസൻസെടുക്കണം