
മാന്നാർ : ആറ്റിൽചാടിയുള്ള ആത്മഹത്യകൾക്കും വ്യാപകമായ മാലിന്യനിക്ഷേപത്തിനും തടയിടാൻ പന്നായി പാലത്തിന്റെ കൈവരിക്ക് മുകളിൽ ബാരിക്കേഡ് സ്ഥാപിച്ചു തുടങ്ങി. മാന്നാർ - തിരുവല്ല സംസ്ഥാനപാതയിൽ ആലപ്പുഴ,പത്തനംതിട്ട ജില്ലകളുടെ അതിർത്തി പങ്കിട്ടൊഴുകുന്ന പമ്പാനദിക്ക് കുറുകെയുള്ളതാണ് പന്നായി പാലം.
പാലത്തിന്റെ ഉയരംകുറഞ്ഞ കൈവരികളും പമ്പയാറിന്റെ ഈ ഭാഗത്തെ വലിയഒഴുക്കും ആഴവും കാരണം പലരും ആത്മഹത്യ ചെയ്യാൻ പന്നായി പാലം തിരഞ്ഞെടുത്തിരുന്നു. കൈവരിയുടെ മുകളിൽ കയറാതെ തന്നെ ചാടാൻ കഴിയുമെന്നുള്ളതും ആഴത്തിലേക്ക് പതിക്കുന്നതിനാൽ മരണം ഉറപ്പാണെന്നതുമായിരുന്നു ജീവനൊടുക്കാനെത്തുന്നവർ ഈ പാലം തിരഞ്ഞെടുത്തതിന് പിന്നിൽ. പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടി ആത്മഹത്യചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചതിനെത്തുടർന്ന് കൈവരികൾക്ക് ഉയരം കൂട്ടണമെന്ന് അഭിപ്രായം ഉയർന്നിരുന്നു.
പാലത്തിൽ നിന്ന് ആറ്റിലേക്ക് മാലിന്യം നിക്ഷേപിക്കുന്നതും അടുത്തിടെ വർദ്ധിച്ചിരുന്നു. മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെ നടപടി കൈക്കൊള്ളണമെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവും പാലത്തിന്റെ കൈവരികളിൽ ബാരിക്കേഡ് ഉയർത്താൻ കാരണമായി.
കൈവരികളിൽ ബാരിക്കേഡ്
 കൈവരിയിലും 29 മീറ്റർ അപ്പ്രോച്ച് റോഡിന്റെ വശങ്ങളിലും 2മീറ്റർ ഉയരത്തിലാണ് ബാരിക്കേഡ് സ്ഥാപിക്കുന്നത്
 അതിനായി ഇരുമ്പിൽ നിർമ്മിച്ച ഫ്രെയിം സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്ക് ഇന്നലെ തുടക്കമായി
 പി.വി.സി പൂശിയ ജി.ഐ നെറ്റ് അതിനുള്ളിൽ പിടിപ്പിക്കുന്നതോടെ സുരക്ഷയും മനോഹാരിതയും വർദ്ധിക്കും
 പൊതുമരാമത്ത് ബ്രിഡ്ജ് വിഭാഗമാണ് ബാരിക്കഡ് നിർമ്മാണം നടത്തുന്നത്
പാലത്തിന്റെ നീളം
120 മീറ്റർ
ബാരിക്കേഡിന്റെ ഉയരം
2മീറ്റർ
രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തി മാലിന്യങ്ങൾ ആറ്റിലേക്ക് വലിച്ചെറിയുന്നത് വ്യാപകമായിരുന്നു. പൊക്കം കുറഞ്ഞ കൈവരികൾ ഇക്കൂട്ടർക്ക് സഹായകരമായിരുന്നു
- നാട്ടുകാർ