ambala

അമ്പലപ്പുഴ : ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പുറക്കാട് പഞ്ചായത്തിലെ കരൂർ - പായൽ കുളങ്ങര പ്രദേശത്ത് അടിപ്പാതയോ, ഉയരപ്പാതയോ നിർമ്മിയ്ക്കുക, സഞ്ചാര സ്വാതന്ത്രം നീതി പൂർവ്വം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ അനശ്ചിത കാല നിരാഹാര സമരം തുടങ്ങി.അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഷീബാ രാകേഷ് ഉദ്ഘാടനം ചെയ്തു. ചെയർമാനും, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റുമായ എ .എസ് .സുദർശനൻ, ജി.സുകുമാരൻ, എ .ഗോപകുമാർ, എം .വിമൽദാസ് ,കൊച്ചുമോൻ കാത്തൂസ്'എന്നിവരാണ് സത്യാഗ്രഹം അനുഷ്ഠിക്കുന്നത്.

ജനകീയ സമിതി കൺവീനർ എം. ടി .മധു, ശ്രീജ സുഭാഷ്, ഫാസിൽ പുറക്കാട്, എസ് .കെ .ലത്തീഫ്, എ .ആർ .കണ്ണൻ, എം .ശ്രീദേവി,അനൂപ്, , ജി. ഓമനക്കുട്ടൻ, രാജി ,എം .ഒ. ജമാലുദ്ദീൻ , പി .എം. ബാബു, കെ. ഉത്തമൻ എന്നിവർ പ്രസംഗിച്ചു.

പ്രദേശവാസികൾക്ക് ദേശീയപാത മറികടക്കുവാനുള്ള ബുദ്ധിമുട്ട് ദേശീയപാത അധികാരികളേയും ജില്ലാ കളക്ടറേയും പലതവണ നേരിൽ കണ്ടും നിവേദനംമൂലവും അറിയിച്ചിട്ടും തുടർ നടപടി ഉണ്ടാകാത്തതിൽ പ്രദേശവാസികളുടെ ആശങ്ക അറിയിച്ചാണ് അനശ്ചിത കാല നിരാഹാര സത്യാഗ്രഹ സമരം ആരംഭിച്ചത്. പായൽക്കുളങ്ങരയിൽ ദേശീയപാതയുടെ പണി നടക്കുന്ന റോഡിന് നടുവിൽ പന്തലിട്ടാണ് സമരം. പിന്തുണ അറിയിച്ച് പ്രദേശത്തെ നൂറ് കണക്കിന് സ്തീകളും കുട്ടികളും അടക്കമുള്ള ജനങ്ങൾ സമരപ്പന്തൽ സന്ദർശിച്ചു.

ചർച്ച നടത്തി കരാർ കമ്പനി

പൊലീസിന്റെ നിർദേശാനുസരണം ദേശീയപാത നിർമ്മാണം നടത്തുന്ന വിശ്വസമുദ്ര കമ്പനിയുടെ മാനേജർ ഷിബു സമരപ്പന്തലിൽ എത്തി ജനകീയ സമിതി നേതാക്കളുമായി ചർച്ച നടത്തി. ദേശീയ പാത അധികൃതർ എത്തി പരിഹാരം ഉണ്ടാകുന്നതുവരെ പായൽക്കുളങ്ങര കരൂർ പ്രദേശത്ത് മാത്രം നിർമ്മാണ പ്രവർത്തനങ്ങൾ താത്ക്കാലികമായി നിറുത്തി വെക്കുമെന്ന് സമരസമിതി നേതാക്കൾക്ക് ഉറപ്പ് നൽകി.