ആലപ്പുഴ : ഒന്നേകാൽ വർഷം മുമ്പ് നവജാത ശിശുവിന്റെ വലതു കൈ തളർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വനിതാ ശിശു ആശുപത്രിക്കെതിരെ കുട്ടിയുടെപിതാവ് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി.
ആലപ്പുഴ റെയിൽവേ സ്റ്റേഷൻ വാർഡിൽ ചിറപ്പറമ്പ് വീട്ടിൽ വിഷ്ണുദാസ്-അശ്വതി ദമ്പതികളുടെ മകന്റെ കൈയാണ് തളർന്നത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ, പ്രസവത്തിനിടെയുണ്ടായ ചികിത്സാപ്പിഴവാണ് കാരണമെന്ന് വ്യക്തമായെന്ന് കാട്ടിയാണ് വിഷ്ണുദാസ് സൂപ്രണ്ടിന് പരാതി നൽകിയത്.
കുട്ടി ഇപ്പോഴും ചികിത്സയിലാണ്. ഇന്ന് പൊലീസിൽ പരാതി നൽകുമെന്ന് വിഷ്ണുദാസ് പറഞ്ഞു.
രക്ഷകർത്താക്കൾ പറയുന്നത്
2023 ജൂലായ് 6നാണ് വനിതാ ശിശു ആശുപത്രിയിൽ ആൺകുഞ്ഞ് ജനിച്ചത്. വാക്വം ഡെലിവറിയായിരുന്നു. പ്രസവസമയത്ത് നവജാത ശിശുവിന്റെ ഞരമ്പുകൾക്ക് ക്ഷതം സംഭവിച്ചു. തുടക്കത്തിൽ കടപ്പുറം
ആശുപത്രിയിലെ ഡോക്ടർമാർ ജനറൽ ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തിലേക്ക് കുഞ്ഞിനെ ചികിത്സയ്ക്ക് വിട്ടു. അവിടെ നടത്തിയ പരിശോധനയിൽ കുഴപ്പമില്ലെന്ന് പറഞ്ഞതായി വിഷ്ണുദാസിനെ ആശുപത്രി അധികൃതർ അറിയിച്ചു. ആറ് മാസത്തിനുള്ളിൽ കൈയ്ക്ക് ചലനശേഷി വീണ്ടെടുക്കാനാകുമെന്നും പറഞ്ഞു. തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കൈകളുടെ പേശിക്ക് ഉണ്ടായ ക്ഷതമാണെന്ന് കാരണമെന്ന് കണ്ടെത്തി. പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. 8മാസം പിന്നിട്ടിപ്പോഴും കുട്ടിയുടെ കൈയ്ക്ക് കാര്യമായ പുരോഗതി ഉണ്ടാകാത്തതിനാൽ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ആറുമാസത്തിനുള്ളിൽ ഫലപ്രദമായ ചികിത്സ നൽകുന്നതിലെ വീഴ്ചയാണ് കൈ തളരാൻ കാരണമെന്ന് വ്യക്തമായി. 45,000രൂപ വരുന്ന മരുന്ന് പേശിയിൽ കുത്തിവെച്ചു. ഒരു ഡോസ് കൂടി എടുക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. കുറവായില്ലെങ്കിൽ അടിയന്തര ശസ്ത്രക്രിയ വേണ്ടിവരുമെന്നും പറഞ്ഞിട്ടിുണ്ട്. ഏഴാംമാസം മുതലാണ് അശ്വതി വനിതാശിശു ആശുപത്രിയിൽ ചികിത്സ തേടിയത്. സാധാരണ സ്‌കാനിംഗിലും മൂന്ന് ഡി ഇമേജ് സ്‌കാനിംഗിലും കുട്ടിക്ക് പ്രശ്‌നം കണ്ടെത്തിയിരുന്നില്ല.
" നവജാത ശിശുവിന്റെ വലതു കൈ തളർന്ന സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് നൽകിയ പരാതിയും മെഡിക്കൽ രേഖകളും വിദഗ്ദ്ധസമിതി പരിശോധിക്കും. ശനിയാഴ്ചക്കുള്ളിൽ വിദഗ്ദ്ധസമതി രൂപീകരിച്ച് അന്വേഷണം നടത്തും.
- ഡോ.ദീപ്തി, സൂപ്രണ്ട്, വനിതാ ശിശു ആശുപത്രി, ആലപ്പുഴ