ഹരിപ്പാട് : മണ്ഡലത്തിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർവ്വഹിക്കുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയതായി രമേശ് ചെന്നിത്തല എം.എൽഎ അറിയിച്ചു. മണ്ഡലത്തിലെ വിവിധ വികസന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഹരിപ്പാട് റവന്യൂ ടവറിൽ ചേർന്ന ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തിലായിരുന്നു എം.എൽ.എയുടെ നിർദ്ദേശം.

ഹരിപ്പാട് ബോയ്സ് ഹയർസെക്കന്റി സ്‌കൂൾ ഗ്രൗണ്ടിലെ ടർഫിന്റേയും, മിനി ഇൻഡോർ സ്റ്റേയത്തിന്റേയും ജോലികൾ പുനരാംരംഭിച്ചതായി നിർവ്വഹണ ഉദ്യോഗസ്ഥൻ അറിയിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട്, ആസ്തി വികസന ഫണ്ട് എന്നിവ പ്രകാരം നിർവ്വഹിക്കുന്ന ഓരോ പ്രവൃത്തിയുംവിശദമായി അവലോകനം ചെയ്തു. എം.എൽ.എ എസ്.ഡി.എഫിൽ നിന്ന് അനുവദിച്ചിട്ടുളള കമ്പ്യൂട്ടറുകൾ എത്രയും വേഗം സ്‌കൂളുകൾക്ക് വിതരണം ചെയ്യണമെന്ന് രമേശ് ചെന്നിത്തല നിർദേശിച്ചു. മുതുകുളം ബ്ലോക്കിന്റെ പരിധിയിലെ പ്രവൃത്തികളുടെ നിർവ്വഹണത്തിൽ വലിയ കാലതാമസം നേരിടുന്നതിൽ ചെന്നിത്തല അതൃപ്തി അറിയിച്ചു. കൊടുന്താർ മേൽപ്പാടത്തിന്റെ സ്ഥലം ഏറ്റെടുപ്പിനുള്ള നോട്ടിഫിക്കേഷൻ നടപടികൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലാപഞ്ചായത്ത് മെമ്പർ ജോൺ തോമസ്, തൃക്കുന്നപ്പുഴ ഗ്രാപമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാർ, കാർത്തികപ്പള്ളി തഹസിൽദാർ സജീവൻ, എൽ.എസ്.ജി.ഡി എക്സിക്യുട്ടീവ് എഞ്ചിനീയർ ജിജി, ഇറിഗേഷൻ എക്സിക്യുട്ടീവ് എഞ്ചിനീയർ സജീവ്, പിഡബ്ള്യു.ഡി ബിൽഡിംഗ് എക്സിക്യുട്ടീവ് എഞ്ചിനീയർ റംല തുടങ്ങിയവർ പങ്കെടുത്തു.