
ചെന്നിത്തല: കഴിഞ്ഞ 3 വർഷമായി കാലാവസ്ഥ വ്യതിയാനം കാരണം കൃഷി നാശം സംഭവിച്ച അഞ്ചാം ബ്ലോക്ക് പാടശേഖരത്തിൽ പ്രതീക്ഷയുടെ വിത്തുകൾ വിതച്ചു തുടങ്ങി. തുലാമഴ പ്രതീക്ഷകളെ തച്ചുടക്കില്ലാ എന്ന വിശ്വാസത്തിൽ 352 ഏക്കർ വരുന്ന ഈ പാടശേഖരത്തിൽ വർഷങ്ങൾക്ക് ശേഷം നവംബറിൽ വിത തുടങ്ങി. വരിനെല്ലുകൾ കിളിർപ്പിച്ച് മരുന്നടിച്ച് പിന്നീട് വെള്ളം മുക്കി അത് വറ്റിച്ചാണ് കൃഷി നടത്തുന്നത്. ഇതിന് ഭാരിച്ച ചെലവാണ് ഈ വർഷം ഉണ്ടായിരിക്കുന്നതെന്ന് കർഷകരായ എടത്വാ രാജേഷും വർഗ്ഗീസും പറഞ്ഞു. വിത ഉത്സവം ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി പ്രസിഡന്റ് ഏബ്രഹാം പി.ജോൺ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രവികുമാർ കോമന്റേത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഉമാ താരാനാഥ്, കൃഷി ഓഫിസർ ചാൾസ് ഐസക്ക് ദാനിയേൽ, പാടശേഖര സമിതി അംഗങ്ങളായ ജോർജ് ഫിലിപ്പ്, സുഗതൻ, മാത്യു, സോമനാഥൻ, രാജേഷ് തുടങ്ങിയവർ സംസാരിച്ചു.