കായംകുളം: നാടകത്തിലൂടെ കേരളക്കരയാകെ ചുവപ്പിച്ച കെ.പി.എ.സിയുടെയും കാർട്ടൂൺ കുലപതി ശങ്കറിന്റെയും നാടായ കായംകുളത്ത് കലയുടെ നൂപുരധ്വനികൾ ഉയർന്നു. മൂന്നുനാൾ നീണ്ടുനിൽക്കുന്ന ആലപ്പുഴ ജില്ലാ സ്കൂൾ റവന്യൂ കലോത്സവത്തിൽ നഗരമദ്ധ്യത്തിലെ 13 വേദികളിലായി ആടിയും പാടിയും കുട്ടികൾ അരങ്ങ് തകർത്തപ്പോൾ, കായംകുളം നഗരം കൗമാരകലയുടെ ആവേശത്തിലായി.
ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 5000ത്തോളം പ്രതിഭകളാണ് വ്യാഴാഴ്ച ആരംഭിച്ച ജില്ലാ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനായി എത്തിച്ചേർന്നിട്ടുള്ളത്.
രണ്ടാം ദിനമായ ഇന്നലെ ദൃശ്യകലാമത്സരങ്ങളും ഭരതനാട്യം, നാടകം, കൂത്ത്, കൂടിയാട്ടം, തുള്ളൽ മത്സരങ്ങളാണ് അരങ്ങ് കൊഴുപ്പിച്ചത്. കാണികളെ ഉദ്വേഗത്തിലാഴ്ത്തിയ ആയോധന കലയായ പരിചമുട്ട്, അനുഷ്ഠാന കലാവിശേഷമായ പൂരക്കളി തുടങ്ങിയവയും സദസിനെ സമ്പന്നമാക്കി. പതിവിൽ നിന്ന് വ്യത്യസ്തമായി വേദികൾ പൊതുവിൽ കാണികൾ കുറവായിരുന്നെങ്കിലും മത്സരത്തിന്റെ വീറിനും വാശിക്കും തെല്ലും കുറവുണ്ടായിരുന്നില്ല. ഓരോ വേദിയിലും ഇഞ്ചോടിഞ്ചായിരുന്നു പ്രതിഭകളുടെ മുന്നേറ്റം. മൂന്നാം ദിവസമായ ഇന്ന് ദഫ് മുട്ട്, മോഹിനിയാട്ടം, നാടോടി നൃത്തം, നാടകം, സംഘഗാനം , ചവിട്ടുനാടകം, മോണോ ആക്ട് തുടങ്ങിയ മത്സരങ്ങൾ വിവിധ വേദികളിൽ അരങ്ങേറും.