
കായംകുളം : അച്ഛൻ പകർന്ന പാഠങ്ങളുമായി മകൾ വേദിയിലെത്തി. ഹയർ സെക്കൻഡറി വിഭാഗം നങ്ങ്യാർകൂത്ത് മത്സരത്തിലാണ് ചേർത്തല എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിനി കെ.ഒ.തീർത്ഥ, അച്ഛൻ ആർ.എൽ.വി ഓംകാറിന്റെ ശിക്ഷണത്തിൽ മത്സരിച്ച് സംസ്ഥാന മത്സരത്തിന് യോഗ്യത നേടിയത്. തീർത്ഥയാവട്ടെ, ജില്ലാ കലോത്സവത്തിൽ കേവലം മത്സരാർത്ഥി മാത്രമല്ല, ഗുരു കൂടിയാണ്. തീർത്ഥ മോഹിനിയാട്ടം അഭ്യസിപ്പിക്കുന്ന ശ്വേത തിങ്കളാഴ്ച നടക്കുന്ന ഹൈസ്ക്കൂൾ വിഭാഗം മോഹിനിയാട്ടത്തിൽ മത്സരിക്കുന്നുണ്ട്. തീർത്ഥ ഓർമ്മവെച്ച നാൾമുതൽ അച്ഛൻ നടത്തുന്ന ശിവതീർത്ഥ നാടുക്കളരിയിൽ നൃത്തം അഭ്യസിക്കുന്നുണ്ട്. മുപ്പത് വർഷമായി നൃത്തരംഗത്ത് പ്രവർത്തിക്കുന്ന ആർ.എൽ.വി ഓംകാറിന് മകൾ കൂടാതെ എട്ട് ശിഷ്യർ കൂടി ജില്ലാ കലോത്സവത്തിൽ വിവിധ നൃത്തയിനങ്ങളിൽ മത്സരിക്കുന്നുണ്ട്.