a

മാവേലിക്കര : മാവേലിക്കര-ഹരിപ്പാട്, കായംകുളം-മാന്നാർ റോഡുകൾ സംഗമിക്കുന്ന തിരക്കേറിയ നാൽക്കവലയായ തട്ടാരമ്പലം ജംഗ്ഷനിൽ യാത്രക്കാരെ വട്ടംകറക്കി റൗണ്ട് എബൗട്ട് . അപകടങ്ങൾ കുറയ്ക്കാനാണ് ജംഗ്ഷനിൽ റൗണ്ട് എബൗട്ട് പരീക്ഷിച്ചത്.

പുതിയ പരിഷ്കാരം വന്നതോടെ അപകടത്തിന്റെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ഏതുവഴി തിരിഞ്ഞുപോകണമെന്ന് മനസിലാക്കാനുള്ള അറിയിപ്പ് ബോർഡുകൾ ഇല്ലാത്തത് വാഹനയാത്രക്കാരെ ചുറ്റിക്കുകയാണ്.

പ്രധാനമായും മാവേലിക്കരയിൽ നിന്ന് ഹരിപ്പാട് ഭാഗത്തേക്ക് പോകുന്നവരാണ് ജംഗ്ഷനിൽ എത്തുന്നതോടെ ആശയക്കുഴപ്പത്തിലാകുക. വീപ്പകൾ നിരത്തിവെച്ചാണ് റൗണ്ട് എബൗട്ടിന് മുമ്പായി വാഹനങ്ങൾ തിരിയാനുള്ള സൂചന നൽകിയിട്ടുള്ളത്.

എന്നാൽ ഇടത് കൂടി കയറി റൗണ്ട് എബൗട്ട് തിരിഞ്ഞ് ഹരിപ്പാടിന് പോകണോ അതോ നേരേ പോകണോ എന്നതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. ചെട്ടികുളങ്ങര ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും ഏതുവഴി തിരിയണം എന്ന കാര്യത്തിൽ ആശയക്കുഴപ്പത്തിലാകും.

അപകടങ്ങൾ കുറഞ്ഞെങ്കിലും പുതിയ സംവിധാനത്തിൽ ഗതാഗതക്കുരുക്ക് കൂടിയിട്ടുണ്ട്. രാവിലെയും വൈകുന്നേരങ്ങളിലും വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.

സൂചനാബോർഡുകൾ സ്ഥാപിക്കണം

 റൗണ്ട് എബൗട്ട് പരീക്ഷിക്കുമ്പോൾ വാഹനയാത്രക്കാർക്ക് തിരിഞ്ഞ് പോകാനുള്ള അറിയിപ്പ് നൽകുന്ന ബോർഡുകൾ സ്ഥാപിക്കണം

 മാസങ്ങളായി പ്രവർത്തന രഹിതമായ സിഗ്നൽ ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കണം.

 ജംഗ്ഷനോട് ചേർന്നുള്ള ബസ് സ്റ്റോപ്പുകളാണ് ഗതാഗതകുരുക്കിന്റെ പ്രധാനകാരണം. സ്റ്റോപ്പുകൾ ഇവിടെ നിന്ന് മാറ്റി സ്ഥാപിക്കണം.

 രാത്രികാലത്തെ അപകടം ഒഴിവാകണമെങ്കിൽ ജംഗ്ഷനിൽ വെളിച്ചം വേണം. കേടായ ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കാൻ നടപടി ഉണ്ടാവണം

തട്ടാരമ്പലം ജംഗ്ഷനിൽ രാത്രികാലങ്ങളിലെ വെളിച്ചക്കുറവും സിഗ്നൽ ലൈറ്റ് പ്രവർത്തിക്കാത്തതും പ്രധാന പോരായ്മകളാണ്

- നാട്ടുകാർ