കായംകുളം: അച്ഛനിൽ നിന്ന് വീണയുടെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ച ദക്ഷിൺ നാരായണൻ, ഗുരുദക്ഷിണയായി നൽകിയത് ഒന്നാം സ്ഥാനം. ജില്ലാ റവന്യൂ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം വീണാവാദനത്തിലാണ്
ദക്ഷിൺ ഒന്നാമനായത്. ചേർത്തല കളവംകോട് പുത്തൻകരിയിൽ ബിസിനസുകാരനായ ബാബു നാരായണന്റെയും വീട്ടമ്മയായ അനീഷ്യയുടെയും മകനാണ് ചേർത്തല ഹോളി ഫാമിലി എച്ച്.എസ്.എസിലെ ഒമ്പതാം ക്ളാസ് വിദ്യാർത്ഥിയായ കൊച്ചുമിടുക്കൻ.
അച്ഛനിൽ നിന്നാണ് ദക്ഷിണിന്റെ വീണക്കമ്പത്തിന്റെ തുടക്കം. ലോക്ക് ഡൗൺ കാലത്ത് അച്ഛന്റെ ശിക്ഷണത്തിലായിരുന്നു പഠനം. അത് രണ്ട് വർഷക്കാലം നീണ്ടു.
ഇതിനിടെ, 30ന് മുകളിൽ കീർത്തനങ്ങളും വർണങ്ങളും സ്വായത്തമാക്കി.
കഴിഞ്ഞ തവണയും ജില്ലാ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്തെങ്കിലും വിധിനിർണയത്തിലെ അപാകത കാരണം സംസ്ഥാനതലത്തിൽ പങ്കെടുക്കാനായില്ല.
ഡിജിറ്റൽ റീമേയ്ക്കിംഗിൽ മമ്മൂട്ടി ചിത്രമായ ഒരുവടക്കൻ വീരഗാഥ, വല്യേട്ടൻ എന്നിവയുടെ പശ്ചാത്തല സംഗീതത്തിലും മണിചിത്രത്താഴിലെ ഗാനരംഗങ്ങളിലും വീണ വായിച്ചിരിക്കുന്നത് ദക്ഷിണാണ്.
ഭുവനേശ്വറിൽ ബി.എസ് സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ മൂത്തസഹോദരൻ ദേവനാരായണൻ കീബോർഡും എട്ടാം ക്ളാസ് വിദ്യാർത്ഥിയായ ദർശൻ നാരായണൻ വയലിനും അഭ്യസിച്ചിട്ടുണ്ടെങ്കിലും മത്സരങ്ങളിൽ പങ്കെടുത്തിട്ടില്ല.