കായംകുളം: മത്സരത്തിനിടെ വീണയുടെ കമ്പി പൊട്ടിയെങ്കിലും ആസ്വാദക ഹൃദയം കീഴടക്കി അഹല്യ.മനോധൈര്യം കൈവിടാതെയുള്ള പോരാട്ടം തുറവൂര്‍ ടി.ഡി.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി അഹല്യ സന്തോഷിന് എ ഗ്രേഡോടെ രണ്ടാം സ്ഥാനം സമ്മാനിച്ചു. എച്ച്.എസ്.എസ് വിഭാഗം വീണ വായനയില്‍ അവസാനത്തെ മത്സരാര്‍ഥിയായാണ് അഹല്യ മത്സരിക്കാനെത്തിയത്. മത്സരമാരംഭിച്ച് എതാനം നിമിഷങ്ങള്‍ക്കകമാണ് വീണയുടെ ഒരു കമ്പിപൊട്ടിയത്. ഹിന്ദോളമായിരുന്നു വായിച്ചിരുന്നത്. ആദ്യം പതറിയെങ്കിലും പിന്നീട് ശ്രുതി തെറ്റാതെ വായിച്ചു. മുന്‍പി സി.ബി.എസ്.ഇ.യില്‍ പഠിക്കുകയായിരുന്ന അഹല്യ പ്ലസ്ടുവിലെത്തിയതോടെയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമാകുന്നത്. കഴിഞ്ഞ നാലുവര്‍ഷമായി വീണ പരിശീലിക്കുന്നുണ്ട്. തുറവൂര്‍ ശങ്കരവിലാസത്തില്‍ സന്തോഷ്‌കുമാറിന്റെയും അമ്പളിയുടേയും മകളാണ്. വൃന്ദവാദ്യത്തിലും മത്സരിക്കുന്നുണ്ട്.